ഉനൈസ ഇൗത്തപ്പഴ മേള തുടങ്ങി
text_fieldsബുറൈദ: പ്രശസ്തമായ ഉനൈസ ഇൗത്തപ്പഴ മേളക്ക് തുടക്കമായി. തുടർച്ചയായ 14ാം വർഷമാണിത്. അൽഖസീം പ്രവിശ്യയിലെ ഉനൈസ പട്ടണത്തിൽ നഗരസഭയും ചേമ്പർ ഒാഫ് കോമേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന മേള 36 ദിവസം നീണ്ടുനിൽക്കും. വ്യാഴാഴ്ച ‘മദീനത്തുൽ തുമൂറി’ൽ ഒരുക്കിയ ചടങ്ങിൽ ഉനൈസ ഗവർണർ അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽസലീം ഉദ്ഘാടനം ചെയ്തു. ചേമ്പർ പ്രസിഡൻറ് മുഹമ്മദ് അൽമൂസ, നഗരസഭ മേയർ അബ്ദുൽ അസീസ് അബ്ദുൽ ബസാം, ജനറൽ സൂപ്പർവൈസർ നിസാർ അൽഹർഖാൻ എന്നിവരും ചടങ്ങിൽ പെങ്കടുത്തു. ഇൗത്തപ്പഴങ്ങളുടെയും ഇതുകൊണ്ടുള്ള ഉൽപന്നങ്ങളുടെയും വൈവിധ്യം മേളയിലെ ആകർഷണമാണ്.
പ്രദർശനവും വിൽപനയുമാണ് മേളയിൽ പ്രധാനമായും നടക്കുന്നത്. ലേലം വിളിച്ച് വാങ്ങാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇൗത്തപ്പഴ പ്രേമികൾ എത്തും. അൽഖസീം ഇൗത്തപ്പഴം ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഉദ്പാദകരും വിതരണക്കാരും ഇടനിലക്കാരും ഉപഭോക്താക്കളുമായി ലക്ഷക്കണക്കിനാളുകളാണ് മുൻവർഷങ്ങളിൽ മേള സന്ദർശിച്ചിട്ടുള്ളത്. ഇത്തവണയും പതിവ് തെറ്റില്ലെന്നും കൂടുതലാളുകൾ വരുമെന്നും സംഘാടകർ പറയുന്നു. മേളയോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക, വിനോദ, ബോധവൽകരണ പരിപാടികളും ഒരുക്കിയതായി സംഘാടക സമിതി മേധാവി ഡോ. മൻസൂർ അൽമുശൈത്വി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
