സൗദിയിൽ ഈത്തപ്പഴ സീസണ് തുടക്കമായി; ലക്ഷ്യം വിപണന ഏകോപനവും മികച്ച ഈത്തപ്പഴങ്ങളുടെ പ്രചാരണവും
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള സീസണൽ വിപണികളെ ഏകോപിപ്പിച്ചുകൊണ്ട് നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് ‘മവാസിം തമൂറുനാ’ (നമ്മുടെ ഈത്തപ്പഴ സീസണുകൾ) കാമ്പയിന് തുടക്കം കുറിച്ചു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ‘സീസണൽ മാർക്കറ്റ്സ് പ്ലാറ്റ്ഫോം’ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വിപണിയിലെ ഇടപെടലുകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക, രാജ്യത്തെ ഉയർന്ന ഗുണനിലവാരമുള്ള ഈത്തപ്പഴ ഇനങ്ങൾ മികച്ച രീതിയിൽ പ്രദർശിപ്പിക്കുക എന്നിവയാണ് ഇതിെൻറ പ്രധാന ലക്ഷ്യങ്ങൾ. സൗദിയുടെ സാംസ്കാരികവും സാമൂഹികവുമായ പാരമ്പര്യവുമായും വൈവിധ്യമാർന്ന ഈത്തപ്പഴ ഇനങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന വിവിധ പ്രാദേശിക ഉത്സവങ്ങളെ ഈ സീസൺ ഏകോപിപ്പിക്കുന്നു.
അതീഖ ഈത്തപ്പഴ സീസൺ, ബുറൈദ കർണിവൽ, ഉനൈസ ഇൻറർനാഷനൽ സീസൺ, മദീന ഈത്തപ്പഴ സീസൺ, ജിദ്ദ ഈത്തപ്പഴ സീസൺ, അൽ അഹ്സ സിറാം ഈത്തപ്പഴ സീസൺ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
രാജ്യത്തെ ഏറ്റവും പ്രമുഖവും ഗുണമേന്മയുള്ളതുമായ ഈത്തപ്പഴ വൈവിധ്യങ്ങൾ വ്യാപാരികൾക്കും സന്ദർശകർക്കും മുന്നിൽ അവതരിപ്പിക്കാൻ ഈ വേദികൾ അവസരമൊരുക്കുന്നു. വിനോദസഞ്ചാരികൾ, വ്യാപാരികൾ, വിദേശ ഇറക്കുമതിക്കാർ എന്നിവരെ ആകര്ഷിക്കുന്ന വൈവിധ്യമാർന്ന കാർഷിക-വിപണന പരിപാടികളാണ് സീസണിെൻറ ഭാഗമായി നടക്കുക.
ഇത് കർഷകർക്കും വിപണനക്കാർക്കും വാങ്ങലുകാർക്കും ഒരുപോലെ മികച്ച സാമ്പത്തിക ലാഭം ഉറപ്പാക്കാൻ സഹായിക്കുന്നു. 2023-ൽ ഡിജിറ്റലായി പുറത്തിറക്കിയ ‘സീസണൽ മാർക്കറ്റ്സ് പ്ലാറ്റ്ഫോം’ വഴിയാണ് ഈ ആഘോഷങ്ങളുടെയും വിപണനങ്ങളുടെയും ഏകോപനം സാധ്യമാക്കുന്നത്.
കരാറുകൾ ഡിജിറ്റലായി രേഖപ്പെടുത്താനും, ഉൽപന്നങ്ങളുടെ അളവ്, വില, ഇനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തത്സമയം നൽകാനും ഈ സംവിധാനം സഹായിക്കും. മാത്രവുമല്ല, വിപണിയിൽ കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് പ്ലാറ്റ്ഫോമിലെ മുൻകൂട്ടിയുള്ള രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്.
കാർഷിക മേഖലയുടെ ശാക്തീകരണത്തിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ‘സൗദി വിഷൻ 2030’-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈത്തപ്പഴ വിപണന അന്തരീക്ഷം ആധുനികീകരിക്കാനും കച്ചവടത്തിലെ സുതാര്യത വർധിപ്പിക്കാനും നാഷനൽ സെൻറർ നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് ‘മവാസിം തമൂറുനാ.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

