ദമ്മാമിൽ വ്യാപക റെയ്ഡ്: ഒന്നര ടൺ പഴകിയ പഴവർഗങ്ങൾ പിടികൂടി
text_fieldsകിഴക്കൻ പ്രവിശ്യ നഗരസഭയുടെ പരിശോധനയിൽ പിടികൂടിയ പഴകിയ പഴവർഗങ്ങൾ
ദമ്മാം: വിൽപനക്കായി തയാറാക്കിയ പഴകിയ പഴവർഗങ്ങൾ പിടികൂടി. ഒന്നര ടണ്ണിലേറെ വരുന്ന പഴവർഗങ്ങളാണ് കിഴക്കൻ പ്രവിശ്യ നഗരസഭയുടെ കീഴിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ദമ്മാം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള പഴം, പച്ചക്കറി മാർക്കറ്റുകളിലായിരുന്നു പരിശോധന. വാണിജ്യ സ്ഥാപനങ്ങൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, ചെറുകിട കച്ചവട കേന്ദ്രങ്ങൾ തുടങ്ങി നഗരസഭയുടെ കീഴിലെ നൂറിലേറെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
പഴകിയ ഭക്ഷ്യ-ഫലവർഗങ്ങളുടെ വിൽപന, മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, വൃത്തിഹീനമായ പരിസരത്തെ വിൽപന, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിരവധി വഴിയോര കച്ചവടക്കാരെയും പിടികൂടിയിട്ടുണ്ട്. ഉപയോഗിച്ച ഫർണിച്ചർ വിൽക്കുന്ന ഹറാജ് മാർക്കറ്റ് പരിസരത്തുനിന്ന് 25 ടണ്ണോളം ഉപയോഗശൂന്യമായ വസ്തുക്കളും നീക്കംചെയ്തു.
കേടായ ഭക്ഷ്യ-ഫലവർഗ വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങൾ നടന്നുവരുകയാണ്. പിടിച്ചെടുത്ത വസ്തുക്കൾ അധികൃതർ നശിപ്പിച്ചു. കേസിൽ തുടർനടപടി ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് വിതരണത്തിന് തയാറാക്കിയ 62 ടൺ പഴകിയ മത്സ്യ-ഭക്ഷ്യ ശേഖരം ദമ്മാമിൽ പിടികൂടിയത്. നഗര സൗന്ദര്യവത്കരണത്തിെൻറയും ശുചീകരണത്തിെൻറയും ഭാഗമായി മാസങ്ങൾ നീളുന്ന കാമ്പയിൻ പുരോഗമിക്കുകയാണ്.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴയടക്കമുള്ള കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 940 ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

