ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് മാർച്ച് ഒമ്പത്, 10 തീയതികളിൽ
text_fieldsമലപ്പുറം ജില്ല ക്രിക്കറ്റ് ലീഗ് ഭാരവാഹികൾ
ദമ്മാം: മലപ്പുറം ജില്ലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ദമ്മാം മലപ്പുറം കൂട്ടായ്മ നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻറ് എം.പി.എൽ നാലാം സീസൺ മാർച്ച് ഒമ്പത്, 10 തീയതികളിലായി ദമ്മാമിലെ ഗൂക്കാ ഫ്ലഡ് ലിറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.പി.എൽ മാതൃകയിലാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരുകളിൽ എട്ട് ടീമുകളാണ് മാറ്റുരക്കുക. ടൂർണമെൻറ് വരുമാനവും മത്സര വിജയികൾക്ക് നൽകുന്ന തുകയും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. ഓൺലൈനിലൂടെ ഇതിനകം തന്നെ ടൂർണമെൻറിലേക്കുള്ള കളിക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയായതായി പ്രസിഡൻറ് നജ്മു സമാൻ ഐക്കരപ്പടി പറഞ്ഞു. റോയൽസ് സ്ട്രൈക്കേഴ്സ് മലപ്പുറം, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് നിലമ്പൂർ, റെഡ് ആരോസ് തിരൂർ, ബി.അർ.സി മഞ്ചേരി, വാസ്ക് വേങ്ങര, ഹിറ്റേഴ്സ് ചെമ്മാട്, റോയൽ റേസേഴ്സ് കോട്ടക്കൽ, സരീഖ് കോട്ടപ്പടി എന്നിവയാണ് എട്ട് ടീമുകൾ. രജിസ്ട്രേഷൻ പൂർത്തിയായതോടെ കളിക്കാർക്ക് വേണ്ടിയുള്ള ലേലം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.