ദമ്മാമിൽ വൻകിട അറവുശാലാ മാലിന്യ സംസ്കരണ പദ്ധതി: പ്രതിവർഷം 30,000 ടൺ സംസ്കരണ ശേഷി
text_fieldsദമ്മാം: കന്നുകാലി-കോഴി അറവുശാലാ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ദമ്മാമിൽ അത്യാധുനിക പ്ലാൻറ് വരുന്നു. ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നാഷനൽ സെൻറർ ഫോർ വേസ്റ്റ് മാനേജ്‌മെൻറ് (മവാൻ) ആണ് പദ്ധതിയുടെ അന്താരാഷ്ട്ര നിക്ഷേപ അവസരം പ്രഖ്യാപിച്ചത്.
10,000 ചതുരശ്ര മീറ്ററിൽ ഒരുങ്ങുന്ന ഇതിന് പ്രതിവർഷം 30,000 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ടാകും. 20 വർഷത്തെ ദീർഘകാല നിക്ഷേപ കരാറിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദമ്മാം നഗരത്തിലെ അറവുശാലാ അവശിഷ്ടങ്ങൾ പൂർണമായും സംസ്കരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘റെൻഡറിങ് സാങ്കേതികവിദ്യ’ (കുക്കിങ് യൂനിറ്റുകൾ) പ്ലാൻറിൽ ഉപയോഗിക്കും.
മാലിന്യങ്ങളെ ഉയർന്ന സാമ്പത്തിക മൂല്യമുള്ള പുനരുപയോഗ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ വിഭവങ്ങളുടെ പരമാവധി വിനിയോഗവും കാര്യക്ഷമതയും കൈവരിക്കുകയാണ് ലക്ഷ്യം. ദമ്മാം മെട്രോപൊളിറ്റൻ നഗരപരിധിക്ക് മുഴുവൻ പ്രയോജനപ്പെടുന്ന ഈ പ്ലാൻറിലെ ഉൽപ്പന്നങ്ങൾ ആവശ്യമായ ലൈസൻസുകളോടെ സ്വദേശി-വിദേശ വിപണികളിൽ വിപണനം ചെയ്യാം. ഇത് നിക്ഷേപകർക്ക് വലിയ സാമ്പത്തിക അവസരമൊരുക്കും.
സൗദിയിൽ മാലിന്യ സംസ്കരണ മേഖല പ്രോത്സാഹിപ്പിക്കാൻ ‘മവാൻ’ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. മാലിന്യങ്ങൾ ലാൻഡ്‌ഫില്ലുകളിൽ കുന്നുകൂടുന്നത് ഒഴിവാക്കാനും, ജൈവമാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റി ‘സർക്കുലർ ഇക്കോണമി’ (സുസ്ഥിര സമ്പദ്‌വ്യവസ്ഥ) ലക്ഷ്യം സാക്ഷാത്കരിക്കാനും പദ്ധതി സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

