'ദമ്മാം ഫെസ്റ്റ് 2022 ഹരിതാരവം' വെള്ളിയാഴ്ച
text_fieldsകെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ 40ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 'ദമ്മാം ഫെസ്റ്റ് 2022 ഹരിതാരവം' മെഗാ ഇവൻറ് ഈമാസം 25ന് ദമ്മാമിലെ ടൊയോട്ടയിലുള്ള ക്രിസ്റ്റൽ ഹാളിൽ നടക്കും.
ഉച്ചക്ക് 12.30ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന പരിപാടി രാത്രി 10 വരെ നീണ്ടുനിൽക്കും. വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ദമ്മാം കെ.എം.സി.സി ഏർപ്പെടുത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള പ്രഥമ മാനവ സേവാ പുരസ്കാരം ഗോപിനാഥ് മുതുകാടിന് ചടങ്ങിൽ സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം.
അബ്ദുൽ ഖാദർ ചെങ്കള, മൻസൂർ പള്ളൂർ, സാജിദ് ആറാട്ടുപുഴ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ബിസിനസ് രംഗത്തെ മികച്ച മുന്നേറ്റത്തിന് എനർജിയ സി.ഇ.ഒ ഷാഹിദ് ഹസന് ബിസിനസ് എക്സലൻസി അവാർഡും പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് കാസർകോട് ജില്ല കെ.എം.സി.സി ട്രഷറർ നവാസ് അബൂബക്കർ അണങ്കൂറിന് യൂത്ത് വെൽഫെയർ അവാർഡും സമ്മാനിക്കും.
കിഴക്കൻ പ്രവിശ്യയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള 'മാലാഖമാർക്കൊപ്പം മുതുകാട്' എന്ന സെഷനും അതിനോടനുബന്ധിച്ചു നടക്കും. കുട്ടികൾക്കും കുടുംബിനികൾക്കുമായി കിഡ്സ് ഫെസ്റ്റ്, കേക്ക് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വിവിധയിനം കലാപരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
അതോടൊപ്പം ദമ്മാം കെ.എം.സി.സിയുടെ 40 വർഷത്തെ ചരിത്രം പറയുന്ന ഡോക്യുമെന്ററി പ്രദർശനവും എക്സിബിഷനും ഉണ്ടായിരിക്കും. ഫെസ്റ്റിന്റെ വിജയത്തിന് 101 പ്രവർത്തകരടങ്ങുന്ന സ്വാഗത സംഘം രൂപവത്കരിച്ചതായും ഭാരവാഹികളായ ഹമീദ് വടകര, മുജീബ് കൊളത്തൂർ, മാലിക് മഖ്ബൂൽ, റഹ്മാൻ കാരയാട്, അസ്ലം കൊളക്കോടൻ, മഹമൂദ് പൂക്കാട്, ഖാദർ അണങ്കൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

