Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിറഞ്ഞുപെയ്ത മഴയിൽ...

നിറഞ്ഞുപെയ്ത മഴയിൽ കുതിർന്ന്​ ദമ്മാം; ജനജീവിത താളം തെറ്റി

text_fields
bookmark_border
damam rain
cancel
camera_alt

1. അൽഖോബാറിലെ ഒരു തെരുവിൽ മഴവെള്ളം നിറഞ്ഞ്​ കിടക്കുന്നു, 2. ദമ്മാം എയർപോർട്ട്​-അൽഖോബാർ റോഡിലെ പാലത്തിനടിയിൽ വെള്ളം നിറഞ്ഞ്​ വാഹനങ്ങൾ മുങ്ങിയപ്പോൾ

ദമ്മാം: അപ്രതീക്ഷിതമായെത്തിയ മഴയിൽ മുങ്ങി ദമ്മാം. ക്ഷണനേരം കൊണ്ട്​ പെയ്തുനിറഞ്ഞ പെരുമഴ ദമ്മാമിലെ ജനജീവിത താളം അക്ഷരാർഥത്തിൽ അട്ടിമറിച്ചു. കടുത്ത ചുടിൽ നിന്ന്​ മോചനമായി ശീതക്കാറ്റ്​ വീശാൻ തുടങ്ങിയിരുന്നെങ്കിലും മഴവരാൻ മടിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുതൽ മഴയെത്തുമെന്ന പ്രവചനങ്ങൾ പക്ഷെ ദമ്മാമിൽ മാത്രം പുലരാതെ മാറിനിൽക്കയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ദമ്മാമിലെ ചിലയിടങ്ങളിൽ മഴ ചാറിയെങ്കിലും അധിക​നേരം നീണ്ടുനിന്നില്ല.


എങ്കിലും വൈകിയെത്തിയ മഴയെ സ്വീകരിക്കാൻ ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്കിറങ്ങി. കോഫീ ഷോപ്പുകളിലാണ്​ അധികവും തിരക്കുകൾ അനുഭവപ്പെട്ടത്​. ജോലിത്തിരക്കുകൾ മറന്ന്​ ചാറിപ്പെയ്യുന്ന മഴയെ നോക്കിയിരുന്ന് ചൂട്​ കോഫി മൊത്തിക്കുടിക്കാൻ അധികംപേരും ഓഫീസുകൾ വിട്ടിറങ്ങി. ഉച്ചക്ക്​ വെയിലിനെ മറച്ചെത്തിയ കരിമേഘങ്ങൾ ദമ്മാം നഗരത്തെ ഇരുട്ട്​ പുതപ്പിച്ചു. നിമിഷങ്ങൾ കൊണ്ട് ​ആർത്തലച്ചെത്തിയ മഴ എല്ലാ പ്രതീക്ഷകളേയും മറികടന്നു. കനത്ത മഴക്കൊപ്പം പെയ്ത ആലിപ്പഴം വാഹനങ്ങളുടെ പുറത്തേക്ക്​ കനത്ത ശബ്​ദത്തിൽ പൊഴിഞ്ഞുവീണു തുടങ്ങിയതോടെ പലരും വാഹനങ്ങൾ വഴിയോരങ്ങളിലേക്ക്​​ ഒതുക്കിനിർത്തി. വീടുകളിൽനിന്നും ഓഫീസുകളിൽ നിന്നും​ പലരും കൗതുകത്തോടെ ആലിപ്പഴം ശേഖരിക്കാനിറങ്ങി. അതേസമയം പെയ്തുനിറഞ്ഞ മഴവെള്ളത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയി.

ദമ്മാമിൽ മഴമൂലം ഗതാഗതം താറുമാറായപ്പോൾ

വെള്ളം പെയ്തുനിറഞ്ഞതറിയാതെ ഇടറോഡുകളിലേക്കെത്തിയ ചെറുവാഹനങ്ങളാണ്​ അധികവും പെട്ടുപോയത്​. എൻജിനുകളിൽ വെള്ളംകയറി നിന്നുപോയ വാഹനങ്ങൾ റോഡിന്​ നടുവിൽ ഉപേക്ഷിച്ച്​ പലർക്കും നീന്തിക്കയറേണ്ടി വന്നു. ചെറിയ വാഹനാപകടങ്ങൾ ഉണ്ടാവുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തതോടെ പലയിടത്തും കടുത്ത ഗതാഗതകുരുക്ക്​ അനുഭവപ്പെട്ടു. ദമ്മാം എയർപോർട്ട്​-അൽഖോബാർ റോഡിലെ പാലത്തിനടിയിലെ ടണലുകളിൽ വെള്ളം നിറഞ്ഞ്​ വാഹനങ്ങൾ അതിൽ മുങ്ങി. അൽഅഹ്​സയുടെ ഉൾഭാഗങ്ങളിൽ കടുത്ത പൊടിക്കാറ്റിന്​ അകമ്പടിയായാണ്​ മഴയെത്തിയത്​.


ജഫൂറ ഉൾപ്പ​െടയുള്ള ഗ്യാസ്​ പ്ലാൻറ്​​ നിർമാണം നടക്കുന്ന പലയിടങ്ങളിലും ജോലികൾ നിർത്തി​വെക്കേണ്ടി വന്നു. ജുബൈൽ-ദഹ്​റാൻ ഹൈവേയിലും അൽഅഹ്​സ-ദമ്മാം റോഡിലും സന്ധ്യ കഴിഞ്ഞിട്ടും ഗതാഗതകുരുക്ക്​ പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല. രക്ഷാസേനയും പൊലീസും രക്ഷാദൗത്യങ്ങളുമായി രംഗത്തുണ്ട്​. കെട്ടിനിൽക്കുന്ന വെള്ളം ഒഴിക്കിവിടാനുള്ള ശ്രമമാണ്​ അധികവും നടക്കുന്നത്​. വെള്ളം കയറിയ റോഡുകളിൽനിന്ന്​ വാഹനങ്ങൾ തിരിച്ചു വിട്ടതോടെ പലരും താമസസ്ഥലത്തേക്ക്​ തിരിച്ചെത്താൻ മണിക്കൂറുകൾ ഗതാഗതകുരുക്കുകളിൽ കഴിയേണ്ടി വന്നു.


ഗതാഗതക്കുരുക്കിൽ പെട്ട്​ പെട്രോൾ തീർന്നുപോയ വാഹനങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. തണുപ്പിലേക്കുള്ള ഒരുക്കവുമായെത്തിയ മഴ ജീവിതത്തിൽ ചില സങ്കീർണതകൾ ഉണ്ടാക്കിയെങ്കിലും അധികംപേരും ആഹ്ലാദത്തോടെയാണ്​ സ്വീകരിച്ചത്​. ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂടിൽനിന്ന്​ തണുത്ത കാലാവസ്ഥയിലേക്കുള്ള മാറ്റം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്​ പ്രവാസികൾ ഉൾപ്പടെയുള്ളവർ. മഴപൊടിഞ്ഞതോടെ മരുഭൂമികളും ഹരിതാഭമായിത്തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamheavy rain
News Summary - Dammam can be soaked in heavy rain; People's lives are out of order
Next Story