ഡാക്കർ റാലി; ആദ്യഘട്ടത്തിൽ മുന്നേറി സ്പെയിൻ താരം
text_fieldsസൗദി മരുഭൂമിയിലൂടെ തുടരുന്ന ഡാക്കർ റാലിയിൽനിന്നുള്ള കാഴ്ചകൾ
യാംബു: മരുഭൂമിയിലെ ദുർഘടപാതയിലൂടെ ‘സൗദി ഡാക്കർ റാലി 2023’ തുടരുന്നു. യാംബു അൽ ബഹ്ർ ചെങ്കടൽ തീരത്തുനിന്ന് ഡിസംബർ 31ന് ആരംഭിച്ച റാലിയുടെ ആദ്യഘട്ടത്തിൽ വേഗത്തിൽ മുന്നേറി സ്പെയിൻ താരം കാർലോസ് സെൻസ്. മരുഭൂമിയിലെ ദുർഘടം നിറഞ്ഞ 603 കിലോമീറ്റർ ദൂരം മൂന്നു മണിക്കൂറും 20 മിനിറ്റും 41 സെക്കൻഡുംകൊണ്ട് പൂർത്തിയാക്കിയാണ് ഇദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രാൻസിലെ സെബാസ്റ്റ്യൻ ലോബ് രണ്ടാമതും സ്വീഡിഷ് താരം മത്തിയാസ് എക്സ്ട്രോം മൂന്നാം സ്ഥാനവും നേടി. ഈയിനത്തിൽ ഫ്രാൻസിലെ ഗവർലെയ്ൻ ചെച്ചേരി നാലാം സ്ഥാനവും സൗദിയിലെ യാസിദ് അൽ റാജിഹി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
മോട്ടോർ സൈക്കിൾ വിഭാഗത്തിൽ അമേരിക്കയിലെ റൈഡർ റിക്കി ബ്രാബെക്ക് മൂന്ന് മണിക്കൂർ 31 മിനിറ്റും 10 സെക്കൻഡും പിന്നിട്ട് ആദ്യ ഘട്ടത്തിൽ ഒന്നാമതെത്തി.
അർജൻറീനിയയിലെ കെവിൻ ബെനവിഡെസ് രണ്ടാം സ്ഥാനവും അമേരിക്കൻ റൈഡർ മേസൺ ക്ലീൻ മൂന്നാം സ്ഥാനവും നേടി. സാഹസികത നിറഞ്ഞ മരുഭൂമിയിലൂടെയുള്ള മത്സരയോട്ടത്തിൽ തുടർച്ചയായി രണ്ടു തവണ മോട്ടോർ സൈക്കിൾ ഇനത്തിൽ ചാമ്പ്യനായ ബ്രിട്ടീഷ് പൗരൻ സന്ദർലാൻഡ് പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽനിന്ന് പിന്മാറി. രണ്ടാംഘട്ട മത്സരം യാംബു അൽ ബഹ്ർ ക്യാമ്പിൽനിന്ന് ആരംഭിച്ച് അൽ ഉല വരെ 589 കിലോമീറ്റർ ദൂരത്തേക്കാണ് 159 കിലോമീറ്റർ പ്രത്യേക മത്സരവും 430 കിലോമീറ്റർ സമയപരിധിക്ക് വിധേയമായി പ്രത്യേക രീതിയിലുമാണ് ഒരുക്കിയിരുന്നത്. ഖത്തറിലെ നാസർ അൽ അത്തിയ മികച്ച പ്രകടനവുമായി മുന്നിലെത്തി.
രണ്ടാം സ്ഥാനത്തെത്തിയ ഡച്ച് ഓവർ ഡ്രൈവ് ടീമിന്റെ ഡ്രൈവറായ എറിക് വാൻ ലോണുമായി ശക്തമായ മത്സരത്തിനൊടുവിൽ 14 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് അൽ അത്തിയ ലീഡ് നേടിയത്. സ്പാനിഷ് ഓഡി ടീം ഡ്രൈവർ കാർലോസ് സെൻസ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 68ലധികം രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 820ലധികം ഡ്രൈവർമാരും നാവിഗേറ്റർമാരും പങ്കെടുക്കുന്നതാണ് ഈ വർഷത്തെ ഡാക്കർ റാലി. 8,500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മത്സരത്തിന്റെ 45ാം പതിപ്പാണിത്. യാംബുവിൽനിന്ന് ആരംഭിച്ച മത്സരം ദമ്മാമിൽ ജനുവരി 15നാണ് അവസാനിക്കുന്നത്.
സൗദിയുടെ വിവിധ തരം ഭൂപ്രകൃതികൾ നിറഞ്ഞ മരുഭൂമിയിലെ പാതകളിലൂടെയാണ് റാലി പിന്നിടുന്നത്. യാംബു ചെങ്കടൽ തീരപ്രദേശത്തുനിന്ന് ആരംഭിച്ച് ദമ്മാമിലെ തീരപ്രദേശത്ത് അവസാനിപ്പിക്കുന്ന റാലി ആഗോളതലത്തിൽ ഏറെ ശ്രദ്ധേയമാകുമെന്നും സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

