ഡാക്കർ റാലി; രണ്ടാം ഘട്ടത്തിൽ ബൈക്ക് റൈഡർ ഡാനിയേൽ സാൻഡേഴ്‌സ് മുന്നിൽ
text_fieldsഡാക്കർ റാലി മോട്ടോർ ബൈക്ക് ചാമ്പ്യൻ ഡാനിയേൽ സാൻഡേഴ്സ് മത്സരത്തിൽ
യാംബു: ജനുവരി മൂന്നിന് യാംബു ചെങ്കടൽതീരത്ത് നിന്ന് തുടക്കം കുറിച്ച ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്‌പോർട്‌സ് മത്സരമായ 48ാമത് സൗദി ഡാക്കർ റാലി 2026ന്റെ രണ്ടാംഘട്ടം അവസാനിച്ചപ്പോൾ നിലവിലെ ഡാക്കർ ബൈക്ക് ചാമ്പ്യനായ സാൻഡേഴ്‌സ് മുന്നിലെത്തി. തിങ്കളാഴ്ച യാംബു മുതൽ അൽഉല വരെയുള്ള 518 കിലോമീറ്റർ മരുഭൂപ്രദേശങ്ങൾ താണ്ടി നാല് മണിക്കൂർ 13 മിനിറ്റ് 37 സെക്കൻഡിനുള്ളിലാണ് ഇദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തിയത്.
31കാരനായ ഡാനിയേൽ സാൻഡേഴ്‌സ്, കെ.ടി.എം സഹതാരമായ എഡ്ഗർ കാനറ്റിനെക്കാൾ ഒരു മിനിറ്റ് 35 സെക്കൻഡ് വ്യത്യാസത്തിലാണ് കുതിച്ചുചാട്ടം നടത്തിയത്. 2024ലെ വിജയിയായ അമേരിക്കൻ റിക്കി ബ്രാബെക് തൊട്ടുപിന്നിലും ലക്ഷ്യസ്ഥാനത്തെത്തി മത്സരം പൂർത്തിയാക്കി. മോട്ടോർസ് സ്പോർട്സിലെ ഏറ്റവും കഠിനമായ വെല്ലുവിളി അതിജയിച്ച് പ്രോലോഗ് ഓപ്പണിങ് സ്റ്റേജ് ജേതാവായ കാനറ്റിനെക്കാൾ അര മിനിറ്റ് വ്യത്യാസത്തിൽ സാൻഡേഴ്സ് ബൈക്ക് സ്റ്റാൻഡിങ്ങിൽ ഒന്നാമതെത്തി. ബ്രാബെക് രണ്ട് മിനിറ്റ് 18 സെക്കൻഡ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. കാർ വിഭാഗത്തിൽ അമേരിക്കൻ സേത്ത് ക്വിേൻററോ ദക്ഷിണാഫ്രിക്കൻ ടൊയോട്ട ഗാസൂ റേസിങ് സഹതാരം ഹെങ്ക് ലട്ടെഗാനെ 1.42 സമയവ്യത്യാസത്തിന് പരാജയപ്പെടുത്തി.
സൗദിയുടെ നിലവിലെ ചാമ്പ്യൻ യാസീദ് അൽ രാജ്ഹി മൂന്നാം സ്ഥാനത്ത് എത്തി. അഞ്ച് തവണ ഡാക്കർ ജേതാവായ ഖത്തറിന്റെ നാസർ അൽ അതിയ്യ, സ്റ്റേജിൽ എട്ടാം സ്ഥാനത്തെത്തിയ ശേഷം ക്വിന്റേറോയേക്കാൾ വെറും ഏഴ് സെക്കൻഡ് വ്യത്യാസത്തിൽ ഡാസിയയെ മറികടന്ന് പോയൻറ് പട്ടികയിൽ മുന്നിലെത്തി. ചൊവ്വാഴ്ച മൂന്നാം ഘട്ടം അൽഉലയിൽ ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ്.
736 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന സർക്യൂട്ട് സ്റ്റേജോടെയാണ് മത്സരം. 422 കിലോമീറ്റർ ദൈർഘ്യമുള്ള സമയബന്ധിതമായ പ്രത്യേക സ്റ്റേജും ഇതിൽ ഉൾപ്പെടുന്നു. ഹംസ ബഖാഷാബ്, അബ്ദുല്ല അൽ ശഖാവി എന്നിവർ ഈ വർഷം പങ്കെടുക്കുന്ന സൗദിയുടെ പുതിയ താരങ്ങളാണ്. മോട്ടോർ സ്‌പോർട്‌സിലെ ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിൽ തങ്ങളുടെ പങ്ക് തുടരുന്ന ‘നെക്സ്റ്റ് ജനറേഷൻ സൗദി’ പ്രോഗ്രാം 2025 എഡിഷനിൽനിന്ന് ബിരുദം നേടിയവരാണ് ഇവർ.
ആഗോള മോട്ടോർ സ്‌പോർട്‌സിൽ സൗദി സാന്നിധ്യം വർധിപ്പിക്കുന്നതിന് പ്രത്യേക പ്രോത്സാഹനമാണ് സൗദി അധികൃതർ താരങ്ങൾക്ക് നൽകുന്നത്. സൗദി റൈഡർമാരെ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കാനുമുള്ള ബഹുമുഖ പദ്ധതികളാണ് സൗദി നടപ്പാക്കി വരുന്നത്. 2027ലെ സൗദി ഡാക്കർ റാലിയിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി വിവിധ പരിശീലന പരിപാടികൾ സൗദി കായിക മന്ത്രാലയത്തിന്റെ കീഴിൽ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

