ഡാക്കർ റാലി 2026: പത്താം ഘട്ടത്തിൽ ആധിപത്യം തിരിച്ചുപിടിച്ച് ഖത്തർ താരം നാസർ അൽ അത്തിയ
text_fieldsസൗദിയിൽ തുടരുന്ന ഡാക്കർ റാലി 10ാം ഘട്ട മത്സരത്തിൽനിന്ന്
യാംബു: സൗദി അറേബ്യയുടെ മണൽപ്പരപ്പുകളിൽ ആവേശകരമായി തുടരുന്ന ഡാക്കർ റാലി 2026ന്റെ പത്താം ഘട്ടം പിന്നിടുമ്പോൾ, ഖത്തർ താരം നാസർ അൽ അത്തിയ തന്റെ മുൻതൂക്കം തിരിച്ചുപിടിച്ചു. വാദി അദവാസിറിൽ നിന്ന് ബിഷയിലേക്കുള്ള 470 കിലോമീറ്റർ ദൂരം (420 കിലോമീറ്റർ സ്പെഷൽ സ്റ്റേജ് ഉൾപ്പെടെ) 41 മണിക്കൂർ 39 മിനിറ്റ് 50 സെക്കൻഡ് കൊണ്ട് പിന്നിട്ടാണ് അത്തിയ വീണ്ടും ഒന്നാമതെത്തിയത്.
കാർ വിഭാഗത്തിൽ ഏറ്റവും വേഗതയേറിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ നാസർ അൽ അത്തിയ, ടൊയോട്ട ഗാസൂ ടീമിലെ തെൻറ മുഖ്യ എതിരാളി ഹെങ്ക് ലാറ്റിഗനെക്കാൾ (ദക്ഷിണാഫ്രിക്ക) 12 മിനിറ്റ് മുന്നിലാണ്. ഫോർഡ് റേസിങ്ങിന്റെ സ്പാനിഷ് താരം നാനി റോമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റാലിയുടെ ആറാം ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അത്തിയ, സാങ്കേതിക തകരാറുകളെയും ദുർഘടമായ മരുഭൂ പാതകളെയും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
മറ്റ് വിഭാഗങ്ങളിലെ പ്രകടനം
സ്റ്റോക്ക് വിഭാഗം: ലിത്വാനിയൻ ഡ്രൈവർ റോകാസ് പാസിയുസ്ക തുടർച്ചയായ മൂന്നാം വിജയത്തോടെ കരുത്ത് തെളിയിച്ചു. അമേരിക്കയുടെ സാറാ പ്രൈസിനെക്കാൾ 21 മിനിറ്റ് 41 സെക്കൻഡ് മുന്നിലായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ഫ്രഞ്ച് താരം സ്റ്റെഫാൻ പീറ്റർഹാൻസൽ മൂന്നാം സ്ഥാനം നേടി.
മോട്ടോർ സൈക്കിൾ വിഭാഗം: ഹോണ്ട എനർജിയുടെ ഫ്രഞ്ച് താരം അഡ്രിയൻ വാൻ ബെവെറെൻ 4 മണിക്കൂർ 15 മിനിറ്റ് 43 സെക്കൻഡിൽ ഒന്നാമതെത്തി. റിക്കി ബ്രാബെക് (യു.എസ്.എ), ലൂസിയാനോ ബെനാവിഡെസ് (അർജൻറീന) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
ട്രക്ക് വിഭാഗം: ചെക്ക് ഡ്രൈവർ അലസ് ലോപ്രൈസ് (ഡി റോയ് എഫ്.ബി.ടി) ഒന്നാം സ്ഥാനം നിലനിർത്തി. ലിത്വാനിയയുടെ വൈഡോട്ടാസ് സലാല രണ്ടാം സ്ഥാനത്തും മാർട്ടിൻ സോൾട്ടിസ് മൂന്നാം സ്ഥാനത്തുമുണ്ട്.
തിരിച്ചടിയായി സാങ്കേതിക തകരാർ
ഒന്നാം ഘട്ടത്തിലും ഏഴാം ഘട്ടത്തിലും മികച്ച പ്രകടനം നടത്തിയ സ്വീഡിഷ് റൈഡർ മാറ്റിയാസ് എക്സ്ട്രോമിന് പത്താം ഘട്ടത്തിൽ തിരിച്ചടി നേരിട്ടു. ആദ്യ ചെക്ക്‌പോസ്റ്റിൽ മുന്നിലെത്തിയെങ്കിലും വാഹനത്തിനുണ്ടായ സാങ്കേതിക തകരാർ കാരണം അദ്ദേഹം പിന്നിലായി. വ്യാഴാഴ്ച ബിഷയിൽ നിന്ന് മദീന റീജിയണിലെ അൽ ഹനാകിയയിലേക്കുള്ള പതിനൊന്നാം ഘട്ടം ആരംഭിക്കും. 882 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഘട്ടത്തിൽ 346 കിലോമീറ്റർ സ്പെഷൽ സ്റ്റേജാണ്. ലോകത്തിലെ ഏറ്റവും കഠിനമായ ഈ സാഹസിക മൽസരം ശനിയാഴ്ച യാംബുവിലെ ചെങ്കടൽ തീരത്ത് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

