നഴ്സുമാർക്കുള്ള 'ഡെയ്സി' അവാർഡുകൾ വിതരണം ചെയ്തു
text_fieldsസൗദി കിഴക്കൻ പ്രവിശ്യയിൽനിന്ന് ഡെയ്സി അവാർഡിന് അർഹരായവർ അതിഥികൾക്കൊപ്പം
ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽനിന്ന് 'ഡെയ്സി' അവാർഡുകൾക്ക് അർഹത നേടിയ നഴ്സുമാർക്ക് അവാർഡുകൾ വിതരണം ചെയ്തു. ആതുര ശുശ്രൂഷാരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന നഴ്സുമാർക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് 'ഡെയ്സി' അവാർഡ്. ദമ്മാമിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന നഴ്സുമാർക്കുള്ള അവാർഡ് വിതണ പരിപാടി ദമ്മാമിലെ ദാറസ്സിഹ മെഡിക്കൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
അൽ-ഗുസൈബി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൗദി ആരോഗ്യ വകുപ്പിൽനിന്നുള്ളവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. മന്ത്രാലയ പ്രതിനിധി പബ്ലിക് ഹെൽത്ത് നഴ്സിങ് സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. മുനീഫ് അൽ-ദജാനി, കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രി ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്ററിന്‍റെ ചീഫ് ഓഫ് നഴ്സിങ് ഡോ. ശരീഫ് ഉമർ, നഴ്സിങ് അഡ്മിനിസ്ട്രേഷൻ ആക്ടിങ് എക്സിക്യുട്ടീവ് ഡയറക്ടർ റാമി അൽ-സലാഖ്, ദമ്മാം മെഡിക്കൽ കോംപ്ലക്സ് പ്രതിനിധി ഡോ. അഹ്മാരി, നഴ്സിങ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സോഹ സഹ്വാൻ, ഖത്വീഫ് സെന്‍ട്രൽ ആശുപത്രി പ്രതിനിധി ഡോ. റിയാദ് അൽ-മൂസ, നഴ്സിങ് അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ അമൽ അൽ-ഹസാവി, ദാറസ്സിഹ മെഡിക്കൽ സെന്‍റർ മെഡിക്കൽ ഓഫീസർ ഡോ. ഹാദി അവ്വാമി, ഇറാം ഗ്രൂപ് വൈസ് പ്രസിഡന്‍റ് ഫഹദ് അൽ-തുവൈജിരി, ഖാലിദ് അൽ-തുവൈജിരി, ഇറാം ഗ്രൂപ് ഡയറക്ടർ സഫ്റാസ് മുഹമ്മദ് തുടങ്ങിയവർ പ്രധാന അതിഥികളായി പങ്കെടുത്തു.
ആശുപത്രികളിൽ എത്തുന്ന രോഗികൾ, ബന്ധുക്കൾ, ഡോക്ടർമാർ, സഹജീവനക്കാർ എന്നിവരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെയ്സി അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 1999-ൽ അമേരിക്കയിൽ ആരംഭിച്ച ഡെയ്സി അവാർഡ് ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും നൽകപ്പെടുന്നുണ്ട്. നഴ്സിങ് മേഖലയിലെ ലോകോത്തര അംഗീകരമായാണ് ഇതിനെ കണക്കാക്കുന്നത്.
ചടങ്ങിൽ യഥാക്രമം ദാറസ്സിഹ മെഡിക്കൽ സെന്‍റർ, ദമ്മാം മെഡിക്കൽ കോംപ്ലക്സ്, കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രി, ഖത്വീഫ് സെട്രൽ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള നഴ്സുമാർ അവാർഡുകൾ ഏറ്റുവാങ്ങി. സർട്ടിഫിക്കറ്റും ഡെയ്സി പതക്കവുമാണ് അവാർഡ്. അവാർഡിനായി തെരഞ്ഞെടുക്കപ്പെടുന്നവരിൽനിന്നും കൂടുതൽ മികവുള്ള രണ്ടുപേർക്ക് അതത് സ്ഥാപനങ്ങളും പ്രത്യേകം അവാർഡുകൾ നൽകി.
തങ്ങളുടെ മുന്നിലെത്തുന്ന രോഗികൾക്ക് മരുന്നും പരിചരണവും നൽകുന്നതിനുമപ്പുറത്ത് നൽകുന്ന മാനസിക കരുത്തും അടിയന്തര സാഹചര്യങ്ങളിൽ നഴ്സുമാരുടെ അസാധാരണ ഇടപെടലുകളും ആണ് പലരേയും അവാർഡിന് അർഹമാക്കിയത്. അവാർഡ് സ്വീകരിച്ച് കൊണ്ട് നഴ്സുമാർ പങ്കുവെച്ച വികാരതീവ്രമായ അനുഭവങ്ങളെ സദസ് നീണ്ട കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ദാറസ്സിഹ ചീഫ് നഴ്സിങ് ഓഫിസർ എർളിൻ നവാരോ അവതാരകനായിരുന്നു. ദാറസ്സിഹ ഖിമ്മത് സിഹ ഡയറക്ടർ മുഹമ്മദ് അഫ്നാസ് സ്വാഗതവും ബിസിനസ് ഡവലപ്മെന്‍റ് മാനേജർ സുനിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

