ദാറുസ്സിഹ യൂത്ത് ക്ലബ് പ്രൊവിൻസ് ചാമ്പ്യൻസ് കപ്പ് സെമിയിൽ
text_fieldsദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ (ഡിഫ) സഹകരണത്തോടെ ദാറുസ്സിഹ യൂത്ത് ക്ലബ് സംഘടിപ്പിക്കുന്ന പ്രൊവിൻസ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ സമാപിച്ചു. ദമ്മാം ഹദഫ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ഖാലിദിയ എഫ്.സി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇ.എം.എഫ് റാഖയെ തോൽപിച്ച് സെമിയിൽ ഇടംപിടിച്ചു. രണ്ടാമത്തെ മത്സരത്തിൽ ബദർ എഫ്.സി ടൈബേക്കറിലൂടെ കോർണിഷ് സോക്കറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ഖാലിദിയ എഫ്.സിയുടെ മനാഫിനെയും കോർണിഷ് സോക്കറിെൻറ ഗോൾകീപ്പർ ഷിഹാബിനെയും മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ കോസ്മ കാർഡ് പ്രതിനിധി അനസ്കുട്ടി വടുതല, ഫോക്കസ് ലൈൻ ബി.ഡി.എം നിസാം തൃശൂർ എന്നിവർ സമ്മാനിച്ചു. മൂന്നാമത്തെ ക്വാർട്ടർ മത്സരത്തിൽ മാഡിഡ് എഫ്.സിയെ യുനൈറ്റഡ് എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപിച്ച് സെമിയുറപ്പിച്ചു. നാലാമത്തെ മത്സരത്തിൽ ആതിഥേയരായ ദാറുസ്സിഹ യൂത്ത് ക്ലബ് പെനാൽറ്റിയിലൂടെ എം.യു.എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ച് സെമിയിൽ കടന്നു. യു.എഫ്.സിയുടെ ജലാലും യൂത്ത് ക്ലബ് താരം ജവാദും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. ഇംപെക്സ് സെയിൽസ് മാനേജർ ഫഹദ്, ഗൾഫ് റോക്ക്സ് പെട്രോളിയം സെയിൽസ് മാനേജർ സോണി തരകൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരെ സമരപോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സരങ്ങൾക്കിടെ ബാനർ ഉയർത്തി വിവിധ സംഘടനാപ്രതിനിധികളും കളിക്കാരും കാണികളും അണിനിരന്നു. ഡിഫ ഭാരവാഹികളായ ലിയാഖത്തലി, അഷ്റഫ് സോണി, ഫ്രാങ്കോ, അമീൻ ചൂനൂർ, സഫ്വാൻ മുഹമ്മദ്, മുഹമ്മദ് സാലിഹ് കോഴിക്കോട്, അൻവർ ഷാഫി, ത്വയ്യിബ്ബ്, ഷജീർ തൂണേരി, നജിം ബഷീർ, സോണി തരകൻ, അനസ്കുട്ടി, ഫഹദ്, നിസാം തൃശൂർ എന്നിവർ പെങ്കടുത്തു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ഖാലിദിയ എഫ്.സി, യുനൈറ്റഡ് എഫ്.സി അൽഖോബാറിനെയും ബദർ എഫ്.സി, യൂത്ത് ക്ലബിനെയും നേരിടും. വൈകീട്ട് ഏഴിന് ദമ്മാം ഹദഫ് സ്റ്റേഡിയത്തിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
