സൗദി തുറമുഖങ്ങളിൽ കണ്ണ് ചിമ്മാതെ കസ്റ്റംസ്; പരാജയപ്പെടുത്തിയത് മയക്കുമരുന്നുൾപ്പെടെ 1,200 കള്ളക്കടത്ത് ശ്രമങ്ങൾ
text_fieldsമയക്കുമരുന്ന് ഗുളികകൾ പിടികൂടിയപ്പോൾ
ജിദ്ദ: സൗദിയുടെ വിവിധ വിവിധ തുറമുഖങ്ങളിൽ കണ്ണ് ചിമ്മാതെ കാവലിരിക്കുന്ന കസ്റ്റംസ് മയക്കുമരുന്നുൾപ്പടെ വൻതോതിൽ കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നത് തുടരുന്നു. നൂറു കണക്കിന് പ്രതികളെ പിടികൂടുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1,200 ലധികം കള്ളക്കടത്തു കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
നിരോധിത വസ്തുക്കളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് നിരോധിത വസ്തുക്കളും മയക്കുമരുന്നും കടത്താൻശ്രമിച്ച 1,268 സംഭവങ്ങളാണ് അധികൃതർ പരാജയപ്പെടുത്തിയത്.
ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയ 116 തരം മയക്കുമരുന്നുകളും മറ്റു 683 നിരോധിത വസ്തുക്കളുമാണ് പിടികൂടിയതെന്ന് അതോറിറ്റി റിപ്പോർട്ടിൽ പറഞ്ഞു. 2,114 പുകയില ഇനങ്ങളും അനുബന്ധ ഉൽപന്നങ്ങളും 61തരം കറൻസി നോട്ടുകളും ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും പിടികൂടിയ എട്ട് കേസുകളും രേഖപ്പെടുത്തിയതിലുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഇറക്കുമതിയിലും കയറ്റുമതിയിലും കർശനമായ കസ്റ്റംസ് നിരീക്ഷണത്തിനുള്ള പ്രതിബദ്ധത അതോറിറ്റി വീണ്ടും ഉറപ്പിച്ചു. രാജ്യത്തെ കസ്റ്റംസ് തുറമുഖങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനകളാണ് നടക്കുന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ സുരക്ഷ വിഭാഗങ്ങളെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 1910 എന്ന നമ്പറിൽ വിളിച്ചുപറയുകയോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിൽ അയക്കുകയോ ചെയ്ത് കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാം. സത്യമാണെങ്കിൽ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

