വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങൾ ചർച്ച ചെയ്ത് ചില്ല നവംബർ വായന
text_fieldsറിയാദിലെ ചില്ല സർഗവേദിയുടെ നവംബർ വായനക്ക് ശശി കാട്ടൂർ തുടക്കം കുറിക്കുന്നു
റിയാദ്: വാൽമീകി രാമായണത്തിന്റെ പുനഃവായനയിലൂടെ, അടുത്തകാലത്ത് സജീവ ചർച്ചക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ ‘ആരുടെ രാമൻ’ എന്ന കൃതിയുടെ വായന പങ്കുവെച്ചുകൊണ്ട്, റിയാദിലെ ചില്ല സർഗവേദിയുടെ നവംബർ വായനക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു. വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്ത്ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ, ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവെച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി, മനുഷ്യബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവലിൽ അഭയാർഥികളാകാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ഹൃദയവ്യഥയും നോവും നൊമ്പരവും ബന്ധനങ്ങളും അതിജീവനസാധ്യതയും ആവിഷ്കരിക്കുന്നു.
വർത്തമാനകാല ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ധീരതയോടെ അടയാളപ്പെടുത്തുന്ന വി. ഷിനിലാൽ എഴുതിയ ‘സമ്പർക്കക്രാന്തി’ നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു. ചലിക്കുന്ന തീവണ്ടിയിൽ വിവിധ കാലങ്ങളിലൂടെ മരിച്ചവരും കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ കഥാപാത്രങ്ങൾക്കൊപ്പം രാജ്യത്തിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ കടന്നുപോകുന്ന സമ്പർക്കക്രാന്തിയുടെ വായനയും വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചുകാട്ടാൻ ഷിനിലാൽ കാണിച്ച ധീരതയും നജീം എടുത്തുകാട്ടി.
ബംഗാളിലെ രാഷ്ട്രീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച ‘അപര സമുദ്ര’ എന്ന നോവലിന്റെ വായനാനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു. ഗുണ്ടാരാജ്, യുക്തിരഹിതമായ വാദങ്ങൾ, നുണകൾ, അർധസത്യങ്ങൾ എന്നിവയാൽ വഞ്ചിക്കപ്പെട്ട ബംഗാൾ ജനതയുടെ ഇന്നത്തെ അവസ്ഥയും കേരളമടക്കം മറ്റു സംസ്ഥാനങ്ങളിൽ മുഴങ്ങുന്ന ‘ബംഗാളികൾ’ എന്ന അപരവിദ്വേഷ - പരിഹാസ വിളികളും ബംഗാളിന്റെ സമകാലിക രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും നോവലിന്റെ പശ്ചാത്തലത്തിൽ സതീഷ് വിശദീകരിച്ചു.വായനക്ക് ശേഷം നടന്ന ചർച്ചക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു.
സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്ററായിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

