ചരിത്രനഗരിയായ ജിദ്ദയിൽ സാംസ്കാരിക വസന്തം ‘നമ്മുടെ വേനൽ, നമ്മുടെ വഴി’ ആഘോഷങ്ങൾക്ക് തുടക്കം
text_fieldsചരിത്രനഗരിയായ ജിദ്ദയിൽ നേരത്തെ നടന്ന സാംസ്കാരിക ആഘോഷങ്ങൾ കാണാനെത്തിയ ജനക്കൂട്ടം (ഫയൽ ചിത്രം)
ജിദ്ദ: സംസ്കാരവും ചരിത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന വൈവിധ്യമാർന്ന വേനലവധിക്കാല ആഘോഷങ്ങളോടെ ചരിത്രനഗരിയായ ജിദ്ദ സജീവമാകുന്നു. കേവലം കാഴ്ചകൾക്കപ്പുറം കലയും സാങ്കേതികവിദ്യയും അറിവും കോർത്തിണക്കിയുള്ള മികച്ച അനുഭവങ്ങളാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജിദ്ദയിൽ ‘നമ്മുടെ വേനൽ, നമ്മുടെ വഴി’ എന്ന പ്രമേയത്തിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. പരമ്പരാഗത പൈതൃകത്തെ സമകാലിക അന്തരീക്ഷത്തിൽ പുനരവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലായി വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സൗദി അറേബ്യയുടെ സമുദ്ര പൈതൃകവും ചെങ്കടലിലൂടെ രൂപപ്പെട്ട സാംസ്കാരിക ബന്ധങ്ങളും വ്യക്തമാക്കുന്ന റെഡ് സീ മ്യൂസിയത്തിൽ ‘സങ്കൻ ട്രഷേഴ്സ്’ പ്രദർശനവും ആരംഭിച്ചിട്ടുണ്ട്. സമുദ്രസഞ്ചാര ചരിത്രം, മുങ്ങിപ്പോയ കപ്പലുകൾ, അടിത്തട്ടിലെ പുരാവസ്തു പര്യവേഷണങ്ങൾ എന്നിവ ഇതിലൂടെ പരിചയപ്പെടാം. ഇതിെൻറ ഭാഗമായി ആഗസ്റ്റ് 25 മുതൽ 29 വരെ മ്യൂസിയത്തിൽ ‘റെഡ് സീ ലാബ്’ സമ്മർ ക്യാമ്പും നടക്കും.
ചെങ്കടലിനെ ഒരു ജീവനുള്ള പരീക്ഷണശാലയാക്കി മാറ്റി കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നിവ സംവേദനാത്മകമായി മനസ്സിലാക്കാൻ ഇത് അവസരമൊരുക്കുന്നു. കലയും സാങ്കേതികവിദ്യയും ഇഴചേരുന്ന ടീംലാബ് മ്യൂസിയത്തിൽ സന്ദർശകരുടെ പ്രതികരണങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്ന ഡിജിറ്റൽ കലാരൂപങ്ങളാണ് പ്രധാന ആകർഷണം.
അറബിക് കാലിഗ്രാഫി, ഗിൽഡിങ് (സ്വർണപ്പണി), ചെമ്പ് കൊത്തുപണി, തടി ഉൽപ്പന്നങ്ങൾക്ക് നിറം നൽകൽ തുടങ്ങിയ പരമ്പരാഗത കലകളുടെ വീണ്ടെടുപ്പിനായി സാവിയ ’97-ൽ പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. ഡിസൈൻ, ആർക്കിടെക്ചർ, പ്രോഗ്രാമിങ്, നവീകരണം എന്നിവ സമയോചിതമായി സംയോജിപ്പിച്ചു കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള വേനൽക്കാല പരിപാടികളാണ് ശർബത്ലി കൾച്ചറൽ ഹൗസ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന ‘ജിദ്ദ സീസൺ ചെസ് ചാമ്പ്യൻഷിപ്പും’ നിരവധി സാമൂഹിക കൂട്ടായ്മകളും ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്. പൈതൃകവും ആധുനികതയും സർഗാത്മകമായി സമ്മേളിക്കുന്ന ഈ വേനൽക്കാല ആഘോഷങ്ങൾ ജിദ്ദയുടെ ചരിത്രപരമായ മൂല്യം എടുത്തു കാണിക്കുന്നതോടൊപ്പം, സാംസ്കാരിക ടൂറിസം രംഗത്ത് നഗരത്തിന്റെ പ്രാധാന്യം കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

