കൂടുതൽ സജീവമായി സാംസ്കാരിക രംഗം
text_fieldsകലാസാംസ്കാരിക രംഗത്ത് വലിയ വികാസമാണ് പോയവർഷമുണ്ടായത്. ഈ രംഗത്ത് രാജ്യം പുതു യുഗപ്പിറവിയിലാണ്. സാംസ്കാരിക മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പൈതൃകോത്സവങ്ങളും കലാസാംസ്കാരിക പരിപാടികളുമായി സൗദി ജനജീവിതത്തിൽ ഏറെ സജീവമായി. രാജ്യത്തെ പൈതൃകസ്ഥലങ്ങളുടെ പുനരുദ്ധാരണമാണ് എടുത്തുപറയേണ്ട നേട്ടം. പ്രധാന നഗരങ്ങളിൽ മന്ത്രാലയം വിവിധ ഉത്സവങ്ങൾ സംഘടിപ്പിച്ചു.
റിയാദ് സീസൺ, എം.ഡി.എൽ ബീസ്റ്റ്, എക്സ്.പി മ്യൂസിക് ഫീച്ചേഴ്സ് ഡി.ജെ മേള എന്നിവ വൻതോതിൽ ജനങ്ങളെ ആകർഷിച്ചു. ലോകോത്തര സംഗീതജ്ഞരും സിനിമാരംഗത്തുള്ളവരും പങ്കെടുക്കാനെത്തി. അൽഅഹ്സ, അൽഖസീം, ഹാഇൽ, അൽഉല എന്നിവിടങ്ങളിലും പാരമ്പര്യ കലോത്സവങ്ങളും പൈതൃകാഘോഷങ്ങളും അരങ്ങേറി. ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെ നിരവധി ചരിത്ര, പുരാവസ്തു കേന്ദ്രങ്ങളിൽ 20ലധികം പരിപാടികൾ സംഘടിപ്പിച്ചു. 32ഓളം രാജ്യങ്ങളിൽനിന്നുള്ള 1200ഓളം പ്രസാധകർ പങ്കെടുത്ത റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഏറ്റവും ശ്രദ്ധേയ പരിപാടിയായിരുന്നു. ചരിത്രത്തിലാദ്യമായി കേരളത്തിൽനിന്ന് ഡി.സി, ഒലീവ്, പൂർണ, ഹരിതം എന്നീ നാല് പ്രസാധകർ ആയിരക്കണക്കിന് പുസ്തകങ്ങളുമായി മേളയിലെത്തി. ഇന്ത്യയിൽനിന്ന് ആകെ 14ഓളം പ്രസാധകർ പങ്കെടുത്തു. ജിദ്ദയിലും പുസ്തകമേള നടന്നു.
സാംസ്കാരിക മന്ത്രാലയം 2022 ഖഹ്വ വർഷമായി ആചരിച്ചു. രാജ്യത്തിന്റെ സ്വത്വവും പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നെന്ന നിലയിൽ ഖഹ്വയുടെ സുപ്രധാന സ്ഥാനം അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു വർഷം നീണ്ടുനിന്നതായിരുന്നു ആചരണം. വിഷൻ 2030ന്റെ ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി’ൽ ഉൾപ്പെടുന്നതാണ് ഖഹ്വ വർഷാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

