കോവിഡ് കാലത്തും സൗദിയിൽ സാംസ്കാരിക പുരോഗതി
text_fieldsയാംബു: കോവിഡ് പ്രതിസന്ധി വിവിധ മേഖലയിലെ വികാസത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും സൗദി സാംസ്കാരിക മേഖലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. 2020ൽ രാജ്യത്തിെൻറ സാംസ്കാരികരംഗത്തെ വളർച്ച എടുത്തുകാട്ടിയാണ് സാംസ്കാരിക മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സാംസ്കാരിക മന്ത്രാലയം വിജയകരമായ വർഷമാണ് പൂർത്തിയാക്കിയത്. 'സൗദി അറേബ്യയുടെ 2020ലെ സാംസ്കാരിക നേട്ടം ഡിജിറ്റലൈസേഷൻ പദ്ധതികളിലൂടെ'എന്ന ശീർഷകത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സാംസ്കാരികരംഗത്ത് അഭൂതപൂർവമായ വെല്ലുവിളികൾ നേരിട്ടെങ്കിലും പ്രതിസന്ധിയെ അവസരമാക്കി ഉപയോഗിക്കാൻ കഴിെഞ്ഞന്ന് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. സൗദി ജനതക്ക് രാജ്യത്തിെൻറ സാംസ്കാരിക കാഴ്ചപ്പാടിൽ വ്യക്തമായ അവബോധമുണ്ടായതുകൊണ്ട് ആസൂത്രണത്തോടെ മുന്നേറാൻ കഴിഞ്ഞു. സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള പ്രോട്ടോകോൾ നടപടികൾ ഉണ്ടായിരുന്നിട്ടും സാംസ്കാരിക പുരോഗതിക്കും അഭിവൃദ്ധിക്കും ആവശ്യമായ സംഭാവന ചെയ്യാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചതാണ് മികവിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിെൻറ സമ്പൂർണ വികസനപദ്ധതിയായ വിഷൻ 2030ലെ ലക്ഷ്യങ്ങളിൽ സാംസ്കാരിക മേഖലയിലെ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികൾ ഫലവത്തായി മാറുന്നതായി മന്ത്രാലയം വിലയിരുത്തി. പുതിയ സാംസ്കാരിക മേഖലകൾ വികസിപ്പിക്കാൻ കഴിഞ്ഞതോടൊപ്പം ദേശീയ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മന്ത്രാലയത്തിനു കഴിഞ്ഞു. വിവിധ മേഖലയിൽ ഡിജിറ്റലൈസേഷൻ പദ്ധതികൾ കൊണ്ടുവരാൻ കോവിഡ് കാലത്തിന് മുമ്പുതന്നെ കഴിെഞ്ഞങ്കിലും ഡിജിറ്റൽ രംഗത്തുള്ള കുതിച്ചുചാട്ടത്തിന് കോവിഡ്-19 മഹാമാരിക്കാലം ഹേതുവായി എന്ന് മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.
2020 അറബി കലിഗ്രഫി വർഷമായി സാംസ്കാരിക മന്ത്രാലയം ആചരിച്ചിരുന്നു. ഇതിെൻറ ഭാഗമായുള്ള വൈവിധ്യമാർന്ന പരിപാടികൾ സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ പരിപാടികളുടെ തുടർച്ചയായി ഈ വർഷവും അറബി കലിഗ്രഫി വർഷമായി ആചരിക്കാൻ തീരുമാനിച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്വദേശി പൗരന്മാരുടെ കഴിവുകൾ വികസിപ്പിക്കാനും പുതിയ അവസരങ്ങൾ പരിചയപ്പെടുത്താനും 'അൽ ഖത്തത്'ഓൺലൈൻ ആപ്ലിക്കേഷൻ രൂപവത്കരിച്ചതും നേട്ടമായി എടുത്തുകാണിക്കുന്നു.
ഫാഷൻ ഡിസൈനിങ് മേഖലയിലും സംഗീതരംഗത്തും വേറിട്ട പരിഷ്കാരങ്ങളും പ്രത്യേക കമീഷനുമെല്ലാം നിശ്ചയിച്ച് മാറ്റങ്ങൾക്ക് തുടക്കംകുറിച്ചതും സൗദിയുടെ സാംസ്കാരികരംഗത്തെ വമ്പിച്ച നേട്ടങ്ങളായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

