സാംസ്കാരിക നിക്ഷേപ സമ്മേളനത്തിന് തുടക്കം, സാംസ്കാരിക മേഖല ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യംവഹിച്ചു -സാംസ്കാരിക മന്ത്രി
text_fieldsറിയാദിൽ സാംസ്കാരിക നിക്ഷേപ സമ്മേളനത്തിൽ സൗദി സാംസ്കാകാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ‘റിയാദ് യൂനിവേഴ്സിറ്റി ഓഫ് ആർട്സ്’ ഉടൻ ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ വ്യക്തമാക്കി. റിയാദിൽ ആരംഭിച്ച സാംസ്കാരിക നിക്ഷേപ സമ്മേളനത്തിലെ പ്രസംഗത്തിലാണ് സാംസ്കാരിക മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. സാംസ്കാരിക മേഖലക്ക് കഴിവുള്ളവരെയും പുതുമുഖങ്ങളെയും നൽകുന്നതിന് ഇത് സംഭാവന നൽകും.
സർഗാത്മക കലകളിൽ വൈദധ്യം നേടിയ മികച്ച 50 അന്താരാഷ്ട്ര സർവകലാശാലകളിൽ ഒന്നാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാംസ്കാരിക വിഷയങ്ങളിലെ പ്രമുഖ അന്താരാഷ്ട്ര അക്കാദമിക് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ സർഗ്ഗാത്മക വിദ്യാഭ്യാസത്തിന് നേതൃത്വം നൽകാൻ റിയാദ് യൂനിവേഴ്സിറ്റി ഓഫ് ആർട്സ് ശ്രമിക്കും. സാംസ്കാരിക പ്രതിഭകൾക്കുള്ള സ്കോളർഷിപ്പുകളും ഇത് വാഗ്ദാനം ചെയ്യുന്നു. സർവകലാശാല പൂർണ വിവരങ്ങൾ ഉടനെ പ്രഖ്യാപിക്കും.
റിയാദിലെ അർഖ ജില്ലയിൽ സ്ഥിതിചെയ്യുന്ന സർവകലാശാലയിൽ സിനിമ, സംഗീതം, സാംസ്കാരിക മാനേജ്മെന്റ്, ദൃശ്യകലകൾ, ഫോട്ടോഗ്രാഫി, പാചക കലകൾ, പൈതൃക പഠനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന 13 കോളജുകൾ ഉൾപ്പെടുമെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
സാംസ്കാരിക നിക്ഷേപ സമ്മേളനം 2025 ന്റെ ആദ്യ പതിപ്പ് സാംസ്കാരിക മന്ത്രി ഉദ്ഘാടനംചെയ്തു. വിഷൻ 2030 ആരംഭിച്ചതിനുശേഷം സാംസ്കാരിക മേഖല ചരിത്രപരമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും അത് ഒരു പ്രധാന സാമ്പത്തിക ശ്രോതസ്സ് ആയി മാറിയെന്നും പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
ജി.ഡി.പിയിലേക്കുള്ള അതിന്റെ സംഭാവന 1.6 ശതമാനമായി ഉയർന്നു. ജീവനക്കാരുടെ എണ്ണം 2,34,000 ആയി. 2024 ൽ സാമ്പത്തിക സഹായത്തിന്റെ മൂല്യം ഏകദേശം രണ്ട് ബില്യൺ ഡോളറിലെത്തി. അടിസ്ഥാന നിക്ഷേപങ്ങൾ ചരിത്രപരമായ തലങ്ങളിലെത്തി 81 ബില്യൺ റിയാൽ കവിഞ്ഞുവെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
സർഗ്ഗാത്മകവും സാംസ്കാരികവുമായ വ്യവസായങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച കണക്കിലെടുക്കുമ്പോൾ സൗദി സാംസ്കാരിക മേഖലയുടെ വികസനത്തിൽ സ്വകാര്യ മേഖല തന്ത്രപരവും അനിവാര്യവുമായ പങ്ക് വഹിക്കുന്നു. ഈ അനിവാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഈ സമ്മേളനം സംഭാവന നൽകും.
അഞ്ച് ബില്യൺ റിയാലിലധികം മൂല്യമുള്ള 89 കരാറുകളിൽ ഒപ്പുവെക്കുന്നതിന് ഇത് സാക്ഷ്യം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. റിയാദിലെ കിങ് ഫഹദ് കൾച്ചറൽ സെന്ററിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക നിക്ഷേപ സമ്മേളനത്തിൽ അന്തരാഷ്ട്ര തലത്തിൽ പ്രമുഖരായ 100 പ്രഭാഷകർ പങ്കെടുക്കുന്ന 38 പാനൽ ചർച്ചകൾ നടക്കും. പ്രാദേശികമായും അന്തർദേശീയമായും സാംസ്കാരിക നിക്ഷേപത്തിലെയും സുസ്ഥിര സൃഷ്ടിപരമായ ഉൽപ്പാദനത്തിലെയും ഭാവി പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

