സഞ്ചിതൂക്കികൾ അല്ലാത്ത സാംസ്കാരിക പ്രവർത്തകർ പ്രതികരിച്ചുതുടങ്ങി -പഴകുളം മധു
text_fieldsഒ.ഐ.സി.സി നേതാക്കളോടൊപ്പം പഴകുളം മധു റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പ് വെച്ചത് ഉൾപ്പെടെയുള്ള സർക്കാറിന്റെ സംഘ്പരിവാർ അനുകൂല നയങ്ങളിൽ സി.പി.എമ്മിന്റെ സഞ്ചി തൂക്കികളല്ലാത്ത സാംസ്‌കാരിക നായകർ പ്രതികരിച്ചുതുടങ്ങിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു പറഞ്ഞു. റിയാദിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും ദിവസങ്ങളിൽ കൂടുതൽ സാംസ്കാരിക സാഹിത്യ പ്രവർത്തകർ പ്രതികരിക്കുമെന്നാണ് കരുതുന്നത്. സത്യം സത്യമായി എഴുതാനും പറയാനും ധൈര്യപ്പെടുന്നവർക്ക് അവരുടെ എഴുത്തും പറച്ചിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രിയദർശിനി പ്ലാറ്റ്ഫോം ഒരുക്കും.
ഇടത് പക്ഷം എന്നത് ഒരു പുറം മോഡി മാത്രമാണ്. തീവ്ര വർഗീയശക്തികളുമായി സന്ധി ചെയ്തുള്ള സി.പി.എമ്മിന്റെ മുഖമൂടി അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്കുലർ രാജ്യത്ത് കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ അജണ്ട നടപ്പിലാക്കാൻ സി.പി.എം കൈക്കൂലി വാങ്ങിയാണ് പി.എം ശ്രീയിൽ ഒപ്പ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പഴം കഴിച്ച പഴത്തിന്റെ തൊലി വാങ്ങി തിന്നുന്ന അടിമത്വത്തിന്റെ രീതിയാണ് സി.പി.ഐക്ക് ഉള്ളത്. ബി.ജെ.പിയുടെ കാവിവത്കരണം കേരളത്തിലെ സ്‌കൂളുകളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെടണം. മന്ത്രിമാരെ പിൻവലിച്ചു വല്യേട്ടന്റെ മുഖത്ത് നോക്കി പറയാൻ നട്ടെല്ലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ വോട്ട് ചോർത്തലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി സുനിൽകുമാർ ഉന്നയിച്ച ആരോപണം പോലും സി.പി.ഐക്ക് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഉന്നയിക്കാനോ നടപടി സ്വീകരിക്കാനോ കഴിഞ്ഞില്ല എന്നത് ഓച്ഛാനിച്ചു നിൽക്കാനുള്ള കെൽപ്പും അവർക്കില്ല എന്നതിന് തെളിവാണ്. സി.പി.ഐ മുന്നണി വിട്ട് പുറത്ത് വന്നാൽ യു.ഡി.എഫ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് യു.ഡി.എഫ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അർജന്റീന ഫുട്ബാൾ ടീമും ലയണൽ മെസ്സിയും നവംബറിൽ കേരളത്തിൽ കളിക്കാൻ എത്തില്ല എന്നതാണ് പുതിയ വാർത്ത. മെസ്സിയെ ജനങ്ങൾക്കെല്ലാം ഇഷ്‌ടമാണ്. എന്നാൽ മെസ്സി വിഷയം സി.പി.എമ്മിന് പിടിച്ചു നിൽക്കാനുള്ള ഒരു പിടിവള്ളി മാത്രമാണ്. അവരുടെ ധാരണ മെസ്സി വന്ന് കളിച്ചാൽ ജനങ്ങൾ പിന്നാലെ പോകുമെന്നാണ്. വെള്ളത്തിൽ മുങ്ങിത്താവാൻ പോകുന്ന ഒരാൾ കിട്ടുന്ന വള്ളികളെല്ലാം പിടിക്കുന്ന പോലെയാണത്. അത് കൊണ്ടൊന്നും സി.പി.എം വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ലെന്നും പഴകുളം മധു പറഞ്ഞു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വനിതാ വേദിയുടെ പരിപാടിയിൽ സംബന്ധിക്കാൻ റിയാദിലെത്തിയതായിരുന്നു പഴകുളം മധു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സക്കീർ ദാനത്ത്, അഷ്‌റഫ് മേച്ചേരി, നാഷനൽ ജനറൽസെക്രട്ടറി റഹ്മാൻ മുനമ്പത്ത്, അലക്സ് കൊട്ടാരക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

