കിരീടാവകാശിയുടെ നിർദേശം അന്യായമായ വാടക വർധനവിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുന്നു - മുനിസിപ്പൽ ഭവന മന്ത്രി
text_fieldsറിയാദ്: റിയാദിൽ വാർഷിക വാടക വർധനവ് അഞ്ച് വർഷത്തേക്ക് നിർത്തിവെക്കാനുള്ള കിരീടാവകാശിയുടെ നിർദ്ദേശം അന്യായമായ താമസ, വാണിജ്യ വാടക വർധനവിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുകയും വാടക പണപ്പെരുപ്പം പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരം ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ച മന്ത്രിസഭാ തീരുമാനവും രാജകീയ ഉത്തരവും വന്ന ഉടനെയാണ് ഭവന മന്ത്രി ഇക്കാര്യം പറഞ്ഞത്. റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ വളർച്ച സാധ്യമാക്കുന്ന ഒരു മേഖല എന്ന നിലയിൽ അതിന്റെ സുസ്ഥിരത വർധിപ്പിക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നുവെന്ന് അൽഹുഖൈൽ പറഞ്ഞു.
വാടക പണപ്പെരുപ്പം കുറയ്ക്കുന്നതിനും വിപണി സ്ഥിരത ഉറപ്പാക്കുന്നതിനും എല്ലാ കക്ഷികൾക്കും നീതി കൈവരിക്കുന്നതിനും സൗദിയിൽ ജീവിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉള്ള ആകർഷണീയത വർധിപ്പിക്കുന്നതിനും ഈ വ്യവസ്ഥകൾ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൗരന്മാരെയും താമസക്കാരെയും നിക്ഷേപകരെയും സംരക്ഷിക്കുന്ന സ്ഥിരത ഇത് നൽകുന്നു. കൂടാതെ, ഇജാർ നെറ്റ്‌വർക്ക് വഴിയുള്ള കരാറുകളുടെ നിർബന്ധിത ഡോക്യുമെന്റേഷൻ സുതാര്യത പ്രോത്സാഹിപ്പിക്കുകയും കരാർ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ന്യായമായ പ്രയോഗം ഉറപ്പാക്കുകയും നിയമലംഘന ശ്രമങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ഇത് നിക്ഷേപ അന്തരീക്ഷത്തിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും ദേശീയ സാമ്പത്തിക വളർച്ചയുടെ തൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും മുനിസിപ്പൽ ഭവന മന്ത്രി പറഞ്ഞു. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബ സ്ഥിരത ഉറപ്പാക്കുന്നതിനും സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടികൾ ഉൾക്കൊള്ളുന്നതെന്ന് മുനിസിപ്പൽ ഭവന മന്ത്രി അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയാണ് റിയാദ് നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിലവിലുള്ളതോ പുതിയതോ ആയ താമസ, വാണിജ്യ വസ്തു വാടക മൂല്യത്തിലെ വാർഷിക വർധധനവ് 2025 സെപ്റ്റംബർ 25 മുതൽ അഞ്ച് വർഷത്തേക്ക് നിർത്തലാക്കി കൊണ്ടുള്ള നിർദേശം പുറപ്പെടുവിച്ചത്. സമീപ വർഷങ്ങളിൽ താമസ, വാണിജ്യ വാടക വിലകളിലെ വർധനവുമായി ബന്ധപ്പെട്ട് തലസ്ഥാനം നേരിട്ട വെല്ലുവിളികൾക്ക് മറുപടിയായാണ് റിയാദിലെ വാടക വിപണിക്കായി പുതിയ നിയന്ത്രണ നടപടികളുടെ ഒരു പാക്കേജ് നടപ്പിലാക്കിയിരിക്കുന്നത്. റിയാദിലെ താമസ, വാണിജ്യ വാടക വിലകളിലെ വർധനവ് സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ മികച്ച രീതികളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ് പഠിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന വ്യവസ്ഥകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

