ക്രൗൺ പ്രിൻസ് വാർഷിക രക്തദാന കാമ്പയിൻ; ആരോഗ്യ കേന്ദ്രങ്ങളിൽ രക്തം ദാനം ചെയ്യുന്നതിനായി ജനങ്ങളുടെ ഒഴുക്ക്
text_fieldsറിയാദ്: സൗദിയിൽ ആരംഭിച്ച 'ക്രൗൺ പ്രിൻസ് വാർഷിക രക്തദാന കാമ്പയിനി'ൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ സ്വദേശികളുടെയും വിദേശികളുടെയും വലിയ പങ്കാളിത്തം അനുഭവപ്പെട്ടു.കാമ്പയിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും വ്യാപകമായ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രചാരണവും ലഭിച്ചു. ആദ്യ ദിവസങ്ങളിൽ കേന്ദ്രങ്ങളിൽ ദാതാക്കളുടെ വലിയ ഒഴുക്ക് അനുഭവപ്പെട്ടു. ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും സംഭാവന നൽകുന്നതിൽ പങ്കെടുത്തവർ അഭിമാനം പ്രകടിപ്പിച്ചു. രക്തദാനം ഐക്യദാർഢ്യത്തിന്റെയും സാമൂഹിക സഹകരണത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഉദാത്തമായ മാനുഷിക പ്രവൃത്തിയാണെന്ന് അവർ ഊന്നിപ്പറഞ്ഞു.സൗദിയിലുടനീളമുള്ള രക്തദാന കേന്ദ്രങ്ങളിൽ നേരിട്ടെത്തി രക്തദാനം നടത്തുകയോ അല്ലെങ്കിൽ ‘സിഹത്തി’ ആപ് വഴി ഇലക്ട്രോണിക് ആയി ബുക്ക് ചെയ്ത് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി എളുപ്പത്തിലും സൗകര്യപ്രദമായും രക്തദാനം സാധ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വാർഷിക രക്തദാന കാമ്പയിൻ പ്രഖ്യാപിച്ചത്. കാമ്പയിനിന്റെ ഭാഗമായി അദ്ദേഹം രക്തം ദാനം ചെയ്യുകയുമുണ്ടായി. മാനുഷിക പ്രവർത്തനങ്ങൾക്കുള്ള കിരീടാവകാശിയുടെ ഉദാരമായ പിന്തുണയുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഒരു വിപുലീകരണമാണിത്. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലുമായി 185 അംഗീകൃത രക്തദാന കേന്ദ്രങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സുരക്ഷിതമായ ആരോഗ്യ സേവനങ്ങൾ നൽകുന്നുവെന്നും മന്ത്രാലയം പറഞ്ഞു. രക്തം ദാനം ചെയ്തുകൊണ്ട് മാനുഷിക ദാന സംസ്കാരം പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു.
സാമൂഹിക ഐക്യദാർഢ്യത്തിലും മനുഷ്യദാനത്തിലും അധിഷ്ഠിതമായ ഊർജസ്വലവും ആരോഗ്യകരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.സ്വമേധയാ ഉള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, രക്തത്തിലും അതിന്റെ ഘടകങ്ങളിലും സ്വയംപര്യാപ്തത കൈവരിക്കുക, രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സുരക്ഷിതവും സുസ്ഥിരവുമായ വിതരണങ്ങൾ ഉറപ്പാക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഒരു യൂനിറ്റ് രക്തം, പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റ്ലെറ്റുകൾ നൽകുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ ഒരു ദാനം സഹായിക്കും. 2024 ൽ രക്തദാതാക്കളുടെ എണ്ണം 8,00,000 കവിഞ്ഞതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

