സൗദിയിൽ നിക്ഷേപം ആറ് ട്രില്യൺ ഡോളറാകുമെന്ന് കിരീടാവകാശി
text_fieldsലോക സാമ്പത്തിക ഫോറത്തിെൻറ സെഷനിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംസാരിക്കുന്നു
ജിദ്ദ: 10 വർഷത്തിനുള്ളിൽ സൗദിയിൽ ആറു ട്രില്യൺ ഡോളർ നിക്ഷേപമുണ്ടാകുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇതിൽ മൂന്ന് ട്രില്യൺ ഡോളർ നിക്ഷേപം എത്തുന്നത് വിഷൻ 2030െൻറ ഭാഗമായ പുതിയ പദ്ധതികളിലാണ്. സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ടും (പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്) സൗദി സ്വകാര്യ മേഖലയുമാണ് ആറ് ട്രില്യൺ ഡോളർ നിക്ഷേപത്തിെൻറ 85 ശതമാനവും സംഭാവന ചെയ്യുന്നത്. ബാക്കി 15 ശതമാനം മറ്റു രാജ്യങ്ങളിൽനിന്നായിരിക്കുമെന്ന് കിരീടാവകാശി സൂചിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങൾ 10 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക സാമ്പത്തിക ഫോറത്തിെൻറ സ്ട്രാറ്റജിക് ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
ലോകത്തെ 36 രാജ്യങ്ങളിലും 28 മേഖലകളിലും നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരുമടക്കം 160ഒാളം പേർ സെഷനിൽ പെങ്കടുത്തു. സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങളെയും വിഷൻ 2030 പ്രഖ്യാപിച്ച ശേഷം എണ്ണയിതര വരുമാനം ഇരട്ടിയാക്കി രാജ്യം കൈവരിച്ച നേട്ടങ്ങളെയും തൊഴിൽ വിപണിയിലെ സ്ത്രീ ശാക്തീകരണം, വ്യവസായ വ്യാപാര രംഗം ആർജിച്ച മത്സരശേഷി, പൊതുനിക്ഷേപ ഫണ്ടിെൻറ സജീവമാകൽ, പരിസ്ഥിതി സംരക്ഷണം എന്നിവയെയും കുറിച്ച് കിരീടാവകാശി വിശദീകരിച്ചു. വിഷൻ 2030 പ്രഖ്യാപനത്തിന് ശേഷം നടത്തിയ പരിഷ്കാരങ്ങളുടെയും പരിവർത്തനത്തിെൻറയും ചട്ടക്കൂടിനുള്ളിൽനിന്ന് രാജ്യത്ത് നാലു വർഷത്തിനിടയിൽ വമ്പിച്ച നേട്ടങ്ങളുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
2020 എന്ന വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എതാനും വർഷം മുമ്പ് ആരംഭിച്ച പരിവർത്തന പ്രക്രിയയിലൂടെ രാജ്യത്തിന് അതിനെ നേരിടാൻ കഴിഞ്ഞു. സാമ്പത്തിക വശങ്ങളിലും ഗവൺമെൻറ് പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും രാജ്യം ഇന്ന് പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആഗോള സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിെൻറ നേതൃപരമായ പങ്കിനെ അടിസ്ഥാനമാക്കി ബിസിനസ് സമൂഹത്തിലെ പങ്കാളികളുമായി അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപ അവസരങ്ങൾ പങ്കിടുന്നതിനും ശ്രദ്ധചെലുത്തി.
സൗദി അറേബ്യയുടെ അഭിവൃദ്ധി ഗൾഫ് മേഖലയുടെയും ലോകത്തിെൻറയും വികസനത്തിലേക്ക് നയിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
വികസനം പ്രോത്സാഹിപ്പിക്കുക, മേഖലയിലെ സ്ഥിരതയെ പിന്തുണക്കുക, ഉൗർജ വിതരണ വിപണി സംരക്ഷിക്കുക എന്നീ രംഗത്ത് രാജ്യം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് കിരീടാവകാശി ഉൗന്നിപ്പറഞ്ഞു. മേഖലയുടെ താൽപര്യം കണക്കിലെടുത്ത് സുരക്ഷയും സമാധാനവും സ്ഥാപിക്കാനും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും രാജ്യത്തിെൻറ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

