സൗദി വിമതർക്ക് മാപ്പ് നൽകാൻ കിരീടാവകാശിയുടെ നിർദേശം
text_fieldsസൗദി രാജ്യരക്ഷാ തലവൻ അബ്ദുൽ അസീസ് അൽ ഹുവൈരിനി
റിയാദ്: സൗദി അറേബ്യക്കെതിരെ വിദേശങ്ങളിൽ ബാഹ്യശക്തികളാൽ സ്വാധീനിക്കപ്പെട്ട് വിമതരായി മാറിയ, എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെടാത്തവർക്ക് മാപ്പ് നൽകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശം. എം.ബി.സി ചാനലിലെ ‘ഹികായത്ത് വഅദ്’ (പ്രോമിസ് സ്റ്റോറി) എന്ന പരിപാടിയിൽ സംസാരിക്കവെ രാജ്യരക്ഷാ തലവൻ അബ്ദുൽ അസീസ് അൽ ഹുവൈരിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ബാഹ്യസ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെട്ട വിമതരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തിടത്തോളം കാലം അനന്തരഫലങ്ങൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങാൻ രാജ്യം ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇങ്ങനെ വഞ്ചിക്കപ്പെട്ടവർക്ക് മാപ്പ് നൽകാനാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചത്. അവരുടെ എതിർപ്പ് പ്രത്യയശാസ്ത്രപരമായ സ്വാധീനത്തിന്റെ തലത്തിൽ തുടരുകയാണെങ്കിലും രാജ്യത്തിനുള്ളിലെ ക്രിമിനൽ കേസുകളിൽ പെടാത്തവരാണെങ്കിൽ അവർക്ക് ഒരു ശിക്ഷയുമില്ലാതെ മടങ്ങിവരാം. അവരുടെ തിരിച്ചുവരവിനെ സൗദി സ്വാഗതം ചെയ്യുന്നു. മടങ്ങിവരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ 990 എന്ന നമ്പറിൽ ബന്ധപ്പെടണം. എന്നിട്ട് അവരുടെ തിരിച്ചറിയൽ വിവരങ്ങളും ഇപ്പോഴുള്ള സ്ഥലവും സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുക. രാജ്യത്തുള്ള ഒരു കുടുംബാംഗത്തെ തുടർനടപടികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നിയോഗിക്കാം. ലോകമെമ്പാടുമുള്ള സൗദി എംബസികൾ ഇത്തരക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സുഗമമാക്കാനും പിന്തുണക്കാനും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങനെയുള്ളവർക്കുള്ള ശിക്ഷയെക്കാൾ അവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലാണ് രാജ്യത്തിന് പ്രതിബദ്ധതയുള്ളത്. മടങ്ങിവരാൻ തീരുമാനിക്കുന്നവരുടെ പേരുകൾ രാജ്യം വെളിപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യില്ല. തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിൽ സൗദി സമൂഹം വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏകദേശം 20 ശതമാനം തടവുകാരെ കസ്റ്റഡിയിലെടുത്തത് അവരുടെ കുടുംബങ്ങളുടെ അഭ്യർഥനപ്രകാരമോ അവരുമായുള്ള ഏകോപിതശ്രമങ്ങളിലൂടെയോ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. തീവ്രവാദികൾ ചൂഷണം ചെയ്യുന്നതിൽനിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയിലൂന്നിയ സമീപനത്തെ കുടുംബങ്ങൾ കൂടുതലായി തിരിച്ചറിയുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമീപ വർഷങ്ങളിൽ തീവ്രവാദത്തെ ചെറുക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയും അദ്ദേഹം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

