കിരീടാവകാശിയും ജർമൻ പ്രസിഡന്റും ചർച്ച നടത്തി, കിങ് സൽമാൻ പാർക്ക് പദ്ധതി സന്ദർശിച്ചു
text_fieldsജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ച
റിയാദ്: സൗദി അറേബ്യ സന്ദർശിക്കുന്ന ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറുമായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഔദ്യോഗിക ചർച്ച നടത്തി. അൽ യമാമ കൊട്ടാരത്തിലാണ് ജർമൻ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളും അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും ഇരുവരും ചർച്ച ചെയ്തു.
നാലുദിവസത്തെ മേഖല പര്യടനത്തിന്റെ ഭാഗമായാണ് ജർമൻ പ്രസിഡന്റ് സൗദിയിലെത്തിയത്. ജോർഡൻ, തുർക്കിയ രാജ്യങ്ങളും സന്ദർശനത്തിലുൾപ്പെടും. ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ റിയാദിലെ കിങ് സൽമാൻ പാർക്ക് പദ്ധതി സന്ദർശിച്ചു. ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയും അദ്ദേഹത്തെ അനുഗമിച്ചു. കിങ് സൽമാൻ പാർക്ക് പദ്ധതിയും നടപ്പാക്കുന്ന ഘട്ടങ്ങളും വിശദമാക്കുന്ന ദൃശ്യാവതരണം പ്രസിഡന്റും അനുഗമിക്കുന്ന പ്രതിനിധി സംഘവും വീക്ഷിച്ചു.
പാർക്കിനുള്ളിലെ നിർമാണപ്രവർത്തനങ്ങൾ വീക്ഷിച്ചു. ഭാവിനഗരങ്ങൾക്ക് ഹരിതസ്വഭാവമുള്ള പുതിയ ആശയങ്ങൾ ഉൾക്കൊണ്ട പദ്ധതിയുടെ സമഗ്രമായ കാഴ്ചപ്പാടിന്റെ വിശദമായ വിശദീകരണം ജർമൻ പ്രസിഡന്റ് കേട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.