കപ്പുകൾക്കപ്പുറത്തെ ജേതാവ്: ലോകകപ്പ് നേടാനാവാത്ത ഇതിഹാസം
text_fieldsബഷീർ ഫത്തഹുദ്ദീൻ, റിയാദ്
സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്താകുമ്പോൾ വിരാമമാകുന്നത് ആറ് ലോകകപ്പുകളിൽ നിന്ന് 232 മത്സരങ്ങളും 146 ഗോളുകളും നേടി, ആറ് ലോകകപ്പുകളിൽ ഗോൾ കുറിച്ച ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (സി ആർ സെവൻ) ലോകകപ്പ് യാത്രകൾക്കാണ്.
എന്നാൽ സ്വർണക്കപ്പില്ലെങ്കിലും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നാല് രാജ്യങ്ങളിലെ (ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, സൗദി അറേബ്യ) ലീഗ് ടോപ്പ് സ്കോറർ പദവി, റയൽ മാഡ്രിഡിെൻറയും അന്താരാഷ്ട്ര ഫുട്ബാളിെൻറയും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്നീ നേട്ടങ്ങൾ അദ്ദേഹത്തിനുണ്ട്.
ബ്രസീൽ, അർജൻറീന, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ വൻശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ പോർച്ചുഗലിന് പരിമിതികളുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഡിആർ കോംഗോയോടും കൊളംബിയയോടും സമനില വഴങ്ങേണ്ടി വന്നത് ഇതിന് തെളിവാണ്. ലയണൽ മെസ്സിക്ക് 2022-ലെ ലോകകപ്പ് വിജയം ഗോട്ട് ചർച്ചകളിൽ മേൽക്കൈ നൽകിയതും, ലോകകപ്പില്ലാത്തതിനാൽ ചിലർ റൊണാൾഡോയുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നതും യാഥാർഥ്യമാണ്. എന്നാൽ കൂട്ടായ്മയുടെ കളിയായ ഫുട്ബാളിൽ ഒരു വ്യക്തിയുടെ മാത്രം മികവ് കൊണ്ട് ലോകകപ്പ് നേടാനാകില്ല.
കായികരംഗത്തിനപ്പുറം, റൊണാൾഡോ വിവിധ ആവശ്യങ്ങൾക്കായി 40-50 മില്യൺ ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്. യൂനിസെഫ്, സേവ് ദ ചിൽഡ്രൻ, വേൾഡ് വിഷൻ എന്നിവയുടെ അന്താരാഷ്ട്ര അംബാസഡറായ അദ്ദേഹം, 2016-ലെ ചാമ്പ്യൻസ് ലീഗ് ബോണസായ 600,000 യൂറോ വേൾഡ് വിഷനും കുട്ടികളുടെ കാൻസർ ചാരിറ്റിക്കുമായി നൽകി. സ്വന്തം അമ്മയെ ചികിത്സിച്ച കാൻസർ സെൻററിന് തുക നൽകിയും ചിലിയിൽ ശിശു ആശുപത്രി നിർമ്മിക്കാൻ സഹായിച്ചും കോവിഡ് കാലത്ത് പോർച്ചുഗലിലെ ആശുപത്രികൾക്ക് ദശലക്ഷക്കണക്കിന് ഡോളർ നൽകിയും അദ്ദേഹം മാതൃകയായി.
ട്രോഫികൾ കായിക ചരിത്രം മാത്രമാണ് എഴുതുന്നത്, എന്നാൽ ഇത്തരം നന്മകൾ മനുഷ്യത്വത്തിെൻറ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. 'ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഞാൻ കൂടുതലോ കുറവോ ആകുന്നില്ല' എന്ന് റൊണാൾഡോ പറഞ്ഞതുപോലെ, ഒരൊറ്റ ലോകകപ്പ് കിരീടം കൊണ്ട് മാത്രം അളക്കേണ്ട ഒന്നല്ല ഈ ഇതിഹാസത്തിെൻറ ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

