അൽ നസ്ർ ക്ലബുമായി കരാർ പുതുക്കി; ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്, 2034 വരെ ഇവിടെ തുടരും -റൊണാൾഡോ
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ക്രിസ്റ്റ്യാനോ റൊണാൾഡോയും
(ഫയൽ ഫോട്ടോ)
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്നായി ജോലി ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ഞാൻ അൽ നസ്ർ ഫുട്ബാൾ ക്ലബുമായുള്ള കരാർ ഞാൻ പുതുക്കിയതെന്നും ലോകപ്രശസ്ത ഫുട്ബാളറും അൽ നസ്ർ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസ്റിന്റെ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് കിരീടാവകാശി തന്നെ എത്രമാത്രം സ്വാധീനിച്ചു എന്ന് ഈ പോർച്ചുഗീസ് താരം വെളിപ്പെടുത്തിയത്.
കിരീടാവകാശിക്ക് ഞാൻ നന്ദി പറയുന്നു. കാരണം അദ്ദേഹം മികച്ച ജോലി ചെയ്യുന്നു. മികച്ച ശ്രമം നടത്തുന്നു. സൗദിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. സൗദി ഈ വലിയ മാറ്റത്തിലും വികസനത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണെന്നും കിരീടാവകാശിയെ പ്രശംസിച്ചു റെണാൾഡോ പറഞ്ഞു. ഇവിടെ കാര്യമായ വികസനം നടക്കുന്നുണ്ട്. ഭാവി ശോഭനമായിരിക്കും. ഞാൻ പോർച്ചുഗീസുകാരനാണ്. പക്ഷേ ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്. എന്റെ ആദ്യ ദിവസം മുതൽ, അൽ നസ്റിൽ മാത്രമല്ല, സൗദി ഫുട്ബാളിലെ പൊതുവായ മാറ്റത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തിട്ടുണ്ട്. അൽ നസ്റുമായി 2027 വരെ ഞാൻ കരാർ പുതുക്കിയിട്ടുണ്ട്.
അൽ നസ്റിന് വേണ്ടി കിരീടങ്ങൾ നേടുക എന്നതാണ് എന്റെ ലക്ഷ്യം. സൗദി അറേബ്യയിൽ എന്റെ ടീമിനൊപ്പം ചാമ്പ്യനാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നത് കൊണ്ടാണ് കരാർ പുതുക്കിയതെന്നും റൊണാൾഡോ സൂചിപ്പിച്ചു.
അടുത്ത സീസൺ ദൈർഘ്യമേറിയതാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന കാര്യങ്ങൾക്ക് നന്നായി തയാറെടുക്കുന്നതിനായി ഞാൻ വിശ്രമിക്കാൻ ഇഷ്ടപ്പെട്ടുവെന്ന് ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എന്റെ അഭിപ്രായത്തിൽ സൗദി പ്രഫഷനൽ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാണ്. ഈ പദ്ധതി വിജയിക്കുന്നത് കാണുന്നതിനും സൗദിയിൽ ലോകകപ്പ് സംഘടിപ്പിക്കുന്നതിനും 2034 വരെ ഞാൻ ഇവിടെ തുടരും, റൊണാൾഡോ പറഞ്ഞു. ഞാൻ സൗദി ജനതയെ സ്നേഹിക്കുന്നു. അൽ നസ്റിന്റെ ആരാധകരുമായുള്ള എന്റെ അത്ഭുതകരമായ ബന്ധമാണ് കരാർ പുതുക്കാനുള്ള പ്രധാന കാരണങ്ങളിൽ മറ്റൊന്ന്. കഴിഞ്ഞ സീസണിൽ അൽ നസ്റിൽ സംഭവിച്ചതിൽ ഞങ്ങൾ സന്തുഷ്ടരല്ല. പക്ഷേ അടുത്ത സീസണിൽ ഞങ്ങൾ കൂടുതൽ ശക്തരാകുമെന്ന് റൊണാൾഡോ കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് റൊണാൾഡോ അൽ നസ്റുമായി തന്റെ കരാർ 2027 വരെ പുതുക്കിയത്. അതിന് ശേഷമാണ് റൊണാൾഡോ കിരീടാവകാശിയേയും സൗദിയേയും പ്രശംസിച്ച വിഡിയോ ക്ലിപ്പ് ഇറങ്ങിയത്.
റൊണാൾഡോയുടെ പ്രസ്താവനക്ക് സൗദി ആരാധകരിൽനിന്ന് വ്യാപകമായ പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്തതക്കും നന്ദിക്കും പലരും നന്ദി പ്രകടിപ്പിച്ചു. സൗദിയെ ആഗോള കായിക കേന്ദ്രമാക്കി മാറ്റാനുള്ള കിരീടാവകാശിയുടെ ദർശനത്തെ ധാരാളമാളുകൾ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

