ക്രിസ്റ്റ്യാനോ ആദ്യമായി ദമ്മാമിൽ; ആവേശത്തിരയിലലിഞ്ഞ് ആരാധകർ
text_fieldsദമ്മാമിൽ അൽ നസ്റും ഇത്തിഫാഖും തമ്മിലുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ഇത്തിഫാഖ് താരങ്ങൾ
ദമ്മാം: സൗദിയിലെ അൽ നസറിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ദമ്മാമിൽ. കഴിഞ്ഞ ദിവസം ദമ്മാം സ്റ്റേഡിയത്തിൽ നടന്ന അൽ നസറ-അൽ ഇത്തിഫാഖ് പോരിനാണ് സി.ആർ7 ദമ്മാമിലെത്തിയത്. കാൽപന്തുകളിയുടെ രാജകുമാരനെ കാണാൻ കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത ആവേശത്തോടെയാണ് ആരാധകർ ഒഴുകിയെത്തിയത്.
കേവലം മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന ടിക്കറ്റ് വിൽപനക്ക് ഇതിനുമുമ്പൊരിക്കലും ഇത്രയേറെ ആവശ്യക്കാരുണ്ടായിട്ടില്ല. ഒരു സീറ്റുപോലും ബാക്കിയില്ലാത്തവിധം നൂറുകണക്കിന് മലയാളികളടക്കമുള്ള ആരാധകർ നേരത്തെ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
റോഷൻ സൗദി ലീഗ് മത്സരങ്ങളുടെ ഭാഗമായാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചത്. ഗാലറി നിറഞ്ഞുകവിഞ്ഞതോടെ അനേകം പേർക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടിയും വന്നു. സ്റ്റേഡിയത്തിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ രാത്രി വൈകിയും ഫുട്ബാൾ പ്രേമികൾ കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ശനിയാഴ്ച രാത്രി എട്ടോടെ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനിറങ്ങിയതോടെ ആരവങ്ങൾ വാനോളമുയർന്നു.
പ്രിയ ആരാധകരെ അഭിവാദ്യം ചെയ്താണ് സ്റ്റേഡിയത്തിൽ റൊണാൾഡോ നടന്നുനീങ്ങിയത്. ഇരു ടീമുകളുടെയും ആരാധകരാൽ ശ്രദ്ധേയമായ വീറും വാശിയും പ്രകടമാക്കിയ മത്സരത്തിൽ അൽ നസറും അൽ ഇത്തിഫാഖും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഓരോ നിമിഷവും ആകാംക്ഷ മുറ്റിയ നിമിഷങ്ങൾ സമ്മാനിച്ച കളിയിൽ സ്വദേശികൾക്കൊപ്പം ആരവങ്ങൾ തീർത്ത് മലയാളി കാൽപന്തുപ്രേമികളും സ്റ്റേഡിയത്തെ സജീവമാക്കി.
സൗദിയിലെ അൽ നസറിന്റെ കളിക്കാരനായി ക്രിസ്റ്റാനോ റൊണാൾഡോ എത്തിയതിന് ശേഷം ആദ്യമായി ദമ്മാമിലെത്തിയ താരത്തിന് സ്നേഹമസൃണമായ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇതിനു മുമ്പും ഈ ക്ലബുകൾ തമ്മിൽ മത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്രയേറെ കാണികൾ ഉണ്ടായിട്ടില്ല. ക്രിസ്റ്റ്യാനോ റെണോൾഡോ എന്ന ഒറ്റ കളിക്കാരന്റെ പേരിലാണ് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞതെന്ന് ഫുട്ബാൾ സംഘാടകൻ റഫീഖ് കൂട്ടിലങ്ങാടി പറഞ്ഞു.
ആദ്യ പകുതിയിൽതന്നെ ഇത്തിഹാദ് ആദ്യ ഗോൾ നേടി. കളി തീരാൻ 20 മിനിറ്റ് ബാക്കി നിൽക്കെ അൽ നസർ ഗോൾ മടക്കി സമനില നേടി. ക്രിസ്റ്റാനോ ഗോൾ അടിച്ചില്ലെങ്കിലും താരത്തിന്റെ കാലിൽ പന്തെത്തിയപ്പോഴെല്ലാം ആരാധകർ ആരവം മുഴക്കി പ്രോത്സാഹിപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാർഡോയെ പ്രതിരോധിക്കാനാണ് ഇത്തിഹാദ് ആദ്യാവസാനം ശ്രമിച്ചത്. നാലു പേരാണ് താരത്തെ സദാസമയവും വലയം ചെയ്തത്.
അൽ നസറിന്റെ മഞ്ഞ ജഴ്സിയണിഞ്ഞാണ് അധികം ആരാധകരും സ്റ്റേഡിയത്തിൽ എത്തിയത്. പാട്ടുപാടിയും പൂത്തിരികത്തിച്ചും മുദ്ര്യാവാക്യങ്ങൾ മുഴക്കിയും അഭിവാദ്യങ്ങൾ നേർന്നും ആരാധകർ ടീമിനൊപ്പം നിന്നു.
ലോക ഫുട്ബാളിലെ മിന്നും താരങ്ങളിലൊന്നായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫുട്ബാൾ ലീഗിലെ പ്രമുഖ ക്ലബായ അൽ നസ്റിൽ എത്തിയതോടെ ലോക ശ്രദ്ധയാകർഷിക്കുക എന്നതിന് പുറമെ വരുംകാല സൗദി ഫുട്ബാളിനെ മിനുക്കിപ്പണിയുക എന്ന ലക്ഷ്യംകൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാളിൽ കരുത്തരായ അർജന്റീനയെ തോൽപിച്ച സൗദിക്ക് പിന്നീട് മുന്നോട്ടു കുതിക്കാനായില്ലെങ്കിലും 2026 ലോകകപ്പിൽ വൻ തിരിച്ചുവരവും 2030 ലോകകപ്പിന്റെ ആതിഥേയത്വവുമാണ് സൗദി ലക്ഷ്യം വെക്കുന്നത്.
2030 ലോകകപ്പിൽ മറ്റു രാജ്യങ്ങൾക്കൊപ്പം സൗദിക്ക് ആതിഥ്യം വഹിക്കാനാകുമെന്നാണ് ഫുട്ബാൾ ഫെഡറേഷൻ കണക്കാക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ 2030ന്റെ ഭാഗമായി ലോകകപ്പ് ഫുട്ബാളിനുകൂടി ആതിഥേയത്വം വഹിക്കണമെന്ന് സൗദി അറേബ്യ ലക്ഷ്യംവെക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയ മലയാളികൾ