ഹൂതി ആക്രമണം: ഉംറ തീർഥാടകരുടെ തിരിച്ചുപോക്കിനും പ്രതിസന്ധിയുണ്ടാക്കുന്നു
text_fieldsജിദ്ദ: തുടർച്ചയായ ദിനങ്ങളിൽ ഹൂതികൾ സൗദി തലസ്ഥാനമായ റിയാദിലേക്ക് മിസൈൽ ആക്രമണം നടത്തിയത് മൂലമുണ്ടായ പ്രതിസന്ധി ഉംറ തീർഥാടകരുടെ മടക്കയാത്രയേയും ബാധിച്ചു. റിയാദ് വിമാനത്താവളം 17 വരെ പ്രവർത്തനങ്ങൾ നിർത്തിവെച്ച നടപടിയും നാട്ടിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്ന ജിദ്ദയിലെ വിമാനത്താവളത്തിലെ വിമാന സർവിസുകളെയും ഇപ്പോൾ ബാധിച്ചിരിക്കുകയാണ്. ചില വിമാന കമ്പനികൾ താൽക്കാലികമായി സർവിസ് നിറുത്തിവെച്ചതായ അറിയിപ്പ് ഇതിനകം പുറപ്പെടുവിച്ചു. വിമാന സർവിസുകളുടെ മുടക്കവും യാത്രാഷെഡ്യൂളുകളിലെ താളപ്പിഴകളും ഉംറ തീർഥാടകരുടെ മടക്ക യാത്രയെയും ബാധിക്കുന്നതായി ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. യമനിലെ ഹൂതികളുടെ ആക്രമണം കാരണം കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ജിദ്ദയിലെ വിമാന സർവിസുകൾ താളം തെറ്റാൻ തുടങ്ങിയത്. ഇത് ജിദ്ദയിലേക്കുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ ഷെഡ്യൂളുകളെയും ബാധിച്ചു. അടുത്ത ദിവസങ്ങളിൽ അവധിയിൽ പോകാൻ ഉദ്ദേശിച്ചിരുന്ന ധാരാളം പ്രവാസികൾ യാത്ര നീട്ടിവെച്ചു.
മദീനയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ ചില സ്വകാര്യ ഉംറ ഗ്രൂപ്പുകൾ മക്കയിലേക്ക് തന്നെ തിരിച്ചെത്തിച്ചതായാണ് വിവരം. മദീനയെ അപേക്ഷിച്ച് മക്കയിൽ താമസത്തിനും ഭക്ഷണത്തിനും ഇപ്പോൾ ചെലവ് കുറവാണ് എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. നിലവിലെ സാഹചര്യങ്ങൾ മൂലം ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ചില വിമാനക്കമ്പനികൾ ഒക്ടോബർ 17 വരെ സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. യാത്ര തിരിക്കുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് വിമാന കമ്പനി അധികൃതർ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിമാനത്താവള സൗകര്യങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും പരിശോധിക്കാനാവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റിയാദ് വിമാനത്താവളം 17 വരെ അടച്ചിട്ടിരിക്കുന്നതെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

