പ്രതികളിൽ നിന്ന് നഷ്ടപരിഹാരം വേണ്ടെന്ന് അക്രമത്തിനിരയായ മലയാളി
text_fieldsജുബൈൽ: സുഹൃത്തിനെ കൊലപ്പെടുത്തുകയും തന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്ത പ്രതികളിൽ നിന്ന് നഷ്ടപരിഹാരം വേണ്ടെന്ന് മലയാളി യുവാവ് കോടതിയിൽ.
മദ്യ വിൽപനയുമായി ബന്ധപ്പെട്ട് സ്വദേശികളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുന്നതിനിടെ കൊല്ലപ്പെട്ട കൊടുവള്ളി മാനിപുരം ചുള്ളിയാട്ട് പൊയിൽ വീട്ടിൽ സമീറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഫവാസാണ് കോടതിയിൽ ഇത്തരത്തിൽ മൊഴി നൽകിയത്.
കഴിഞ്ഞ പെരുന്നാളിനാണ് കിഴക്കൻ പ്രവിശ്യയെ നടുക്കിയ കൊലപാതകം നടന്നത്. വർക് ഷോപ് ഏരിയയിലെ മണലും സിമെൻറും വിൽക്കുന്ന ഭാഗത്ത് കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിരലടയാള പരിശോധനയിലാണ് കൊല്ലപ്പെട്ടത് സമീർ ആണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കുഴൽപണ സംഘത്തേയും മദ്യ വാറ്റുകാരേയും കൊള്ളയടിക്കുന്ന സ്വദേശികളും അവരുടെ ഇടനിലക്കാരായ വിദേശികളും ഉൾപ്പെട്ട സംഘമാണ് സമീറിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
മദ്യ വാറ്റുകേന്ദ്രത്തിെൻറ നടത്തിപ്പുകാരൻ എന്ന് തെറ്റിദ്ധരിച്ചാണ് സമീറിനെയും കൂട്ടാളി ഫവാസിനേയും ഖോബാറിൽ നിന്ന് തട്ടികൊണ്ടുപോയി ഖഫ്ജി റോഡിലെ ആളൊഴിഞ്ഞ ഫാമിൽ എത്തിച്ചത്.
സമീറിനെയും ഫവാസിനെയും തലകീഴായി കെട്ടിയിട്ടു മർദിക്കുകയും ഇവരുടെ നിലവിളി ഫോണിലൂടെ ദമ്മാമിലുള്ള മദ്യവ്യവസായിയെ കേൾപ്പിക്കുകയും ചെയ്തു. ഇരുവരെയും രക്ഷിക്കാൻ കാൽ ലക്ഷം റിയാൽ വരെ നൽകാൻ അയാൾ തയാറായെങ്കിലും രാപകൽ നീണ്ട പീഡനത്തിൽ സമീർ മരണപ്പെടുകയിരുന്നു.
മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് അറീഫിയ ഏരിയയിൽ ഉപേക്ഷിക്കുകയും ഫവാസിനെ വഴിയിൽ ഇറക്കിവിടുകയുമായിരുന്നു. ഫവാസ് പിന്നീട് പോലീസിൽ കീഴടങ്ങി.
ദമ്മാം ജയിലിലായിരുന്ന ഫവാസിന് ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിലേക്കു കയറ്റിവിടാനുള്ള ഒരുക്കത്തിലാണ് ജയിൽ അധികൃതർ. ഇതിെൻറ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഫവാസിനെ ജുബൈലിൽ കൊണ്ടുവന്നത്.
സംഭവത്തിൽ നാല് സ്വദേശികളും രണ്ടു മലയാളികളും ജയിലിലാെണന്ന് കോടതിയിൽ ഹാജരുണ്ടായിരുന്ന പരിഭാഷകൻ അബ്ദുൽകരീം കാസിമി അറിയിച്ചു.
ജുബൈൽ പൊലീസിലെ ക്രിമിനൽ കേസ് മേധാവി മേജർ തുർക്കി നാസർ അൽ-മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റൻ അബ്്ദുൽ അസീസ്, ക്യാപ്റ്റൻ ഖാലിദ് അൽ-ഹംദി എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വോഡ് രൂപവത്കരിച്ചാണ് 17 ദിവസം കൊണ്ട് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.