ഉംലജ് കടലിൽ മയക്കുമരുന്നുവേട്ട; ഏഴുലക്ഷം ഗുളികകൾ പിടിച്ചെടുത്തു
text_fieldsറിയാദ്: ഏഴുലക്ഷം മയക്കുമരുന്ന് ഗുളികകൾ തീരരക്ഷാസേന പിടികൂടി. തബൂക്ക് പ്രവിശ്യയിലെ ഉംലജിന് അടുത്താണ് സംഭവം. ആഴക്കടലിൽ പവിഴപ്പുറ്റുകളിൽ ബന്ധിപ്പിച്ചിട്ടിരുന്ന പൈപ്പുകൾക്കുള്ളിൽ നിന്നാണ് ആംഫിറ്റമിൻ ഗുളികകൾ കണ്ടെടുത്തത്.ജലോപരിതലത്തിന് തൊട്ടുതാഴെ പൈപ്പുകൾ കിടക്കുന്നത് കണ്ടാണ്നാവിക പേട്രാളിങ് സംഘത്തിന് സംശയം തോന്നിയതെന്ന് അതിർത്തിരക്ഷാസേന വക്താവ് കേണൽ സാഹിർ ബിൻ മുഹമ്മദ് അൽ ഹാർബി പറഞ്ഞു. ഉംലജ് പരിധിയിലെ ദ്വീപ് മേഖലയിലായിരുന്നു ഇത്. പരിശോധനയിൽ പവിഴപ്പുറ്റുകളിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് മനസിലായി. ഉടൻ പട്രോൾ സംഘം പ്രദേശം വളയുകയും ഡൈവർമാരെ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയും ചെയ്തു.
ആഴക്കടലിലേക്ക് ഡൈവർമാർ മുങ്ങിപ്പോയാണ് പൈപ്പുകൾ മുകളിലെത്തിച്ചത്. പൈപ്പുകൾക്കുള്ളിൽ 372 പ്ലാസ്റ്റിക് ബാഗുകളിലായി ഏഴുലക്ഷത്തോളം ഗുളികകളാണ് ഉണ്ടായിരുന്നത്. വിവിധ രീതികളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഏതുനീക്കത്തെയും ജാഗ്രതയോടെ നേരിടുമെന്നും കേണൽ അൽ ഹാർബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
