Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെങ്കടലിൽ...

ചെങ്കടലിൽ ആക്രമണത്തിനിരയായ ഇന്ത്യൻ കപ്പലിലെ ജീവനക്കാരെ നാട്ടിലെത്തിക്കും; റിയാദിലെ ഇന്ത്യൻ എംബസി നടപടികൾ ഊർജിതമാക്കി

text_fields
bookmark_border
ചെങ്കടലിൽ ആക്രമണത്തിനിരയായ ഇന്ത്യൻ കപ്പലിലെ ജീവനക്കാരെ നാട്ടിലെത്തിക്കും; റിയാദിലെ ഇന്ത്യൻ എംബസി നടപടികൾ ഊർജിതമാക്കി
cancel

റിയാദ്: ചെങ്കടലിൽ യമൻ തീരത്തിന് സമീപം ഹൂതി വിമതരുടെ ആക്രമണത്തിന് ഇരയായി മുങ്ങിയ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ എന്ന ഇന്ത്യൻ ചരക്കുകപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നടപടികൾ റിയാദിലെ ഇന്ത്യൻ എംബസി ഊർജിതമാക്കി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരെയും യമൻ അധികൃതർ നേരത്തെ തന്നെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.

സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് നേരെ ഹൂതി വിമതർ അയച്ച പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്നാണ് കപ്പൽ കടലിൽ മുങ്ങിയത്. യമനിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ചുമതല കൂടി വഹിക്കുന്ന റിയാദിലെ ഇന്ത്യൻ എംബസി, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രക്ഷപ്പെട്ട നാവികരുമായും അവരുടെ കുടുംബാംഗങ്ങളുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര, ജീവകാരുണ്യ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും, നാവികരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി യമൻ ഭരണകൂടവുമായി ചേർന്ന് ഏകോപനം തുടരുകയാണെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പൽപാതകളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഏറെ ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായ ഗതാഗതവും വ്യാപാരവും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകൾക്കും നാവികർക്കും പൂർണ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും വ്യക്തമാക്കി.

യമനിൽ സൗദി അറേബ്യ നടത്തുന്ന സൈനിക-രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയും ഇറാന്‍റെ പിന്തുണയോടെയുള്ള യുദ്ധ തന്ത്രങ്ങളുടെ ഭാഗമായും സൗദിയിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ ഭീഷണിക്കിടെയാണ് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houthi attackred sea attackUS Iran War
News Summary - Crew of Indian ship attacked in Red Sea to be repatriated
Next Story