സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രത്യേകയിടം; റിയാദിൽ ‘ക്രിയേറ്റിവ് ഡിസ്ട്രിക്ട്’ പദ്ധതിക്ക് തുടക്കം
text_fieldsറിയാദ്: സാംസ്കാരിക സർഗാത്മക പ്രവർത്തനങ്ങൾക്ക് റിയാദ് നഗര ഭൂപരിധിക്കുള്ളിൽ ‘ക്രിയേറ്റിവ് ഡിസ്ട്രിക്ട്’ പദ്ധതി ആരംഭിച്ചതായി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു.
വിവിധ രംഗങ്ങളിലെ പ്രാദേശികവും അന്തർദേശീയവുമായ പ്രതിഭകളും കമ്പനികളും തമ്മിൽ സഹകരണത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുന്ന ‘ക്രിയേറ്റിവ് ആൻഡ് മീഡിയ’ കേന്ദ്രമായി നഗരത്തെ മാറ്റാനുള്ള പദ്ധതിയാണിത്. രാജ്യത്തെ സർഗാത്മക മേഖലയുടേതായ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ദേശീയ അഭിലാഷങ്ങൾ സഫലമാക്കുന്നതിനും സാമ്പത്തിക ഉൽപാദനത്തിൽ സർഗാത്മക മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും ക്രിയേറ്റിവ് ഡിസ്ട്രിക്ട് നിർണായക പങ്കുവഹിക്കും. ചലച്ചിത്രം, മാധ്യമം, മറ്റ് കലാരംഗങ്ങൾ ഉൾപ്പെടെ മുഴുവൻ സർഗാത്മക തലങ്ങളിലും സർഗാത്മക വ്യവസായത്തെ പ്രാദേശികവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുറമെയാണിത്.
ക്രിയേറ്റിവ് ഡിസ്ട്രിക്ട് പ്രോജക്ട് റിയാദ് നഗരത്തിന്റെ സാംസ്കാരിക ഘടനയുടെ ഒരു സുപ്രധാന ഭാഗമാണെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം അൽ സുൽത്താൻ പറഞ്ഞു. രാജ്യതലസ്ഥാനത്തെ ഒരു പ്രമുഖ ആഗോളനഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണിത്.
നഗരത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ചൈതന്യം വർധിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗവുമാണ് ക്രിയേറ്റിവ് ഡിസ്ട്രിക്ടെന്നും സുൽത്താൻ കൂട്ടിച്ചേർത്തു.
സൃഷ്ടിപരമായ ഊർജങ്ങളെ ആകർഷിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർഗാത്മകരായ ആളുകളെ ഒരുമിപ്പിക്കാനും വൈവിധ്യമാർന്ന ഒരു സമൂഹം വികസിപ്പിക്കാനുമുള്ള സൗദിയുടെ മഹത്തായ അഭിലാഷങ്ങളെ ഇത് പ്രതിഫലിപ്പിക്കും.
റിയാദ് സിറ്റി റോയൽ കമീഷനും പദ്ധതിയുടെ നിലവിലെ ഘട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററും തമ്മിൽ കരാറിൽ ഒപ്പുവെച്ചത് പ്രഖ്യാപനത്തിൽ ഉൾപ്പെടുമെന്ന് അൽ സുൽത്താൻ പറഞ്ഞു.
സർഗാത്മക മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും മൊത്തത്തിൽ നല്ല സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽനിന്നുള്ള ക്രിയേറ്റിവുകൾക്കിടയിൽ സഹകരണത്തിന്റെ മേഖലകൾ സൃഷ്ടിക്കാനും കരാർ ലക്ഷ്യമിടുന്നുവെന്ന് അൽ സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

