സൗദിയിൽ നിയമലംഘകർക്കെതിരെ നടപടി ശക്തം: ഒരാഴ്ചക്കിടെ 10,700 പേർ പിടിയിൽ, 8,000 പേരെ നാടുകടത്തി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള സംയുക്ത ഫീൽഡ് പരിശോധനകൾ സുരക്ഷാ വിഭാഗം കൂടുതൽ ഊർജിതമാക്കി. ജൂൺ നാല് മുതൽ ജൂൺ 10 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10,700 നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലായവരിൽ 5,900 പേർ ഇഖാമ നിയമലംഘനത്തിനും, 3,084 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും, 1,742 പേർ തൊഴിൽ നിയമലംഘനത്തിനുമാണ് അറസ്റ്റിലായത്. ഇതിനുപുറമേ, അതിർത്തി വഴി നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,418 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 43 ശതമാനം പേർ യെമനികളുമാണ്. ഇതേ കാലയളവിൽ തന്നെ സൗദിയിൽ നിന്ന് നിയമവിരുദ്ധമായി അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 34 പേരും പിടിയിലായിട്ടുണ്ട്.
നിലവിൽ 1,500 വനിതകൾ ഉൾപ്പെടെ ഏകദേശം 22,000 വിദേശി നിയമലംഘകരാണ് രാജ്യത്ത് വിവിധ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെയുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രാലയം കർശന നിർദേശം നൽകി. ഇതിന്റെ ഭാഗമായി ആവശ്യമായ യാത്രാരേഖകൾ ശരിയാക്കുന്നതിനായി 14,200 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും യാത്രാ ടിക്കറ്റ് ബുക്കിംഗ് നടപടികൾക്കായി 1,240 പേരെ കൈമാറുകയും ചെയ്തു. ചട്ടങ്ങൾ ലംഘിച്ച 8,000 പേരെ ഇതിനകം തന്നെ രാജ്യത്തുനിന്നും നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതമോ നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.
കൂടാതെ, ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റവാളികളുടെ പേരുവിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

