മതവിദ്വേഷം പരത്തുന്നവരെ ചേർത്ത് പിടിക്കുന്ന സി.പി.എം നയം അപമാനകരം -പ്രവാസി വെൽഫെയർ
text_fieldsജിദ്ദ: തുടർച്ചയായി മതവിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ പോലെയുള്ളവരെ തലോടുകയും ചേർത്ത് പിടിക്കുകയും ചെയ്തുകൊണ്ട്, അവർ മാതൃകയാണെന്ന് പൊതു സമൂഹത്തോട് പറയുന്ന സി.പി.എം കേരളത്തിൽ വേട്ടക്കാരനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് കേരളീയ മതനിരപേക്ഷ സമൂഹത്തിനും നമ്മുടെ പൈതൃകത്തിനും അപമാനമാണെന്നും പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗം ഉമർ പാലോട് അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന തന്നെ തിരുത്തണമെന്ന ബി.ജെ.പിയുടെ സ്വപ്നം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടക്കാതെ പോയതുകൊണ്ട് തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉപയോഗപ്പെടുത്തി ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളിൽ കണ്ടു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ട എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിയോജിപ്പ് സംസാരിക്കുന്നവരെ കേൾക്കാനുള്ള മനസ്സ് ദേശീയതലത്തിലെന്ന പോലെ ഇന്ന് കേരളത്തിലും നഷ്ടമായി കഴിഞ്ഞു. നീതി നിഷേധിക്കപ്പെടുന്ന ഒരു ജനതക്ക് വേണ്ടി അധികാര വർഗ്ഗത്തിനു നേരെ കലഹം കൂട്ടാനുള്ള രാഷ്ട്രീയ ധൈര്യം പലർക്കും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ് വെൽഫെയർ പാർട്ടി മുന്നോട്ട് വെക്കുന്ന സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പ്രസക്തമാക്കുന്നതും, മഹാത്മാ അയ്യങ്കാളിയെ പോലെയുള്ള നവോത്ഥാന നായകരെ സ്മരിക്കാനും അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും ഉറക്കെ പറയാനും വെൽഫെയർ പാർട്ടി ധൈര്യം കാണിക്കുന്നതെന്നും ഉമർ ഫാറൂഖ് പറഞ്ഞു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ ഇസ്തിറാഹയിൽവെച്ച് നടന്ന പരിപാടിയിൽ 35 വർഷത്തെ പ്രവാസസം പൂർത്തിയാക്കിയ മുതിർന്ന പ്രവാസി വെൽഫെയർ അംഗങ്ങളെ ഹാരവും ഉപഹാരവും നൽകി ആദരിച്ചു. ജിദ്ദയിലെ മൂന്ന് റീജ്യനുകളിൽനിന്നുള്ള പ്രവാസി വെൽഫെയർ അംഗങ്ങൾ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു.
വില്ലടിച്ചാൻ പാട്ട്, നാടകം, സ്കിറ്റുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ സദസ്സ് ആസ്വദിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും സെക്രട്ടറി സുഹ്റ ബഷീർ നന്ദിയും പറഞ്ഞു. മുതിർന്ന പ്രവാസികളെ ആദരിക്കുന്ന ചടങ്ങിന് പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗം സി.എച്ച് ബഷീർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ബഷീർ ചുള്ളിയൻ, ട്രഷറർ നൗഷാദ് പയ്യന്നൂർ, മുനീർ ഇബ്രാഹിം, അബ്ദുസുബ്ഹാൻ, യൂസഫ് പരപ്പൻ, ഷഫീഖ് മേലാറ്റൂർ, അബ്ഷീർ വളപട്ടണം, സൈനുൽ ആബിദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

