കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് പതിനാറ് വയസ് മുതൽ ലഭിക്കും -ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഇനി മുതൽ പതിനാറ് വയസ് മുതൽ ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം കഴിഞ്ഞ പതിനാറ് വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കെല്ലാം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാവുന്നതാണ്.
നേരത്തെ പതിനെട്ട് വയസ് മുതലുള്ളവർക്കായിരുന്നു ബൂസ്റ്റർ ഡോസ് വിതരണം ഉണ്ടായിരുന്നത്. എന്നാൽ കോവിഡിനെയും പുതിയ വകഭേദമായ ഒമിക്രോണിനെയും തടയുന്നതിൽ പതിനാറ് വയസ് മുതലുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സമൂഹത്തിലാകമാനം കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കുന്നതിന് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെടുന്നതായി മന്ത്രാലയം ആവർത്തിച്ചു.
ഇതിനിടെ രാജ്യത്തുടനീളം ഇതുവരെ 15,44,668 ഡോസ് ബൂസ്റ്റർ ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

