ഉംറ നിർവഹിക്കാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമില്ല
text_fieldsപി.കെ. സിറാജ്
ജിദ്ദ: ഉംറ നിർവഹിക്കാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 10 മാസത്തിലേറെ നീളുന്ന പുതിയ ഉംറ സീസണിന് തുടക്കമായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഉംറ നിർവഹിക്കാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ, ഹറം പള്ളിയിലെത്തുന്നവർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തീർഥാടകർ മക്കയിലെ ഹറം പള്ളിയിലേക്കു പ്രവഹിക്കുകയാണ്. മദീന, ജിദ്ദ വിമാനത്താവളങ്ങൾ വഴിയാണ് തീർഥാടകരെത്തുന്നത്. അനായാസം കർമങ്ങൾ ചെയ്യാനായി എല്ലാ ക്രമീകരണങ്ങളും ഹറം പള്ളിയിൽ പൂർത്തിയായി.
കിങ് ഫഹദ് ഗേറ്റ്, ബാബു സലാം, അജിയാദ് ഗേറ്റ് എന്നിവയിലൂടെയാണ് ഉംറ തീർഥാടകർ ഹറം പള്ളിയിലേക്ക് പ്രവേശിക്കേണ്ടത്. പള്ളിയുടെ ഭൂതല മത്വാഫിൽ ഉംറ തീർഥാടകർക്കു മാത്രമായിരിക്കും പ്രവേശനം. ഒന്നാം നിലയും കിങ് അബ്ദുല്ല വികസന ഭാഗവുമാണ് മറ്റു വിശ്വാസികൾക്ക് പ്രാർഥനക്കായി ക്രമീകരിച്ചിട്ടുള്ളത്. 90 ദിവസം കാലാവധിയുള്ള വിസകളുമായാണ് പുതിയ സീസണിൽ തീർഥാടകർ ഉംറക്കെത്തുന്നത്. എന്നാൽ, ഇവരിൽ പലരും 15 ദിവസത്തെ ഉംറ പാക്കേജുകളാണ് എടുത്തിട്ടുള്ളത്. 15 ദിവസത്തിനുശേഷം 90 ദിവസം വരെ സ്വന്തം ചെലവിൽ സൗദിയിൽ തുടരാനും ഇവർക്ക് അനുവാദമുണ്ട്. സൗദിക്കകത്തുനിന്ന് ഉംറക്കെത്തുന്നവർ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ എടുക്കേണ്ടതാണ്. ഈ മാസം 29 വരെയുള്ള ദിവസങ്ങളിലേക്ക് ഇപ്പോൾ പെർമിറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

