കോവിഡ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ
text_fieldsയാംബു: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്നറിയിപ്പ് വീണ്ടും. കോവിഡ് പ്രതിരോധനടപടികൾ പാലിക്കുന്നതിൽ ഏറെ ജാഗ്രത കാണിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരെയും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെയും ശിക്ഷ കടുത്തതായിരിക്കും. രാജ്യത്ത് കോവിഡ് രോഗം ചെറുക്കാൻ പ്രതിരോധ കുത്തിവെപ്പ് പ്രക്രിയ കൂടുതൽ ഊർജിതമാക്കാനും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകാനുള്ള പ്രചാരണം ശക്തമാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഇതിനകം അഞ്ചു ദശലക്ഷം പ്രതിരോധ കുത്തിവെപ്പ് ഡോസ് നൽകിയതായും മന്ത്രാലയം അറിയിച്ചു.
ക്വാറൻറീൻ വ്യവസ്ഥകളോ ഐസൊലേഷന് ചട്ടങ്ങളോ ലംഘിക്കുന്ന ഏതൊരാൾക്കും പരമാവധി 2,00,000 റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടു വർഷത്തെ തടവോ ചിലപ്പോൾ രണ്ടുംകൂടിയോ ശിക്ഷ നൽകപ്പെടുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രലായ വക്താവ് ലഫ്റ്റനൻറ് കേണൽ തലാൽ അൽ ഷൽഹോബ് വ്യക്തമാക്കി. കോവിഡ് മഹാമാരിയെക്കുറിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതും ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതും കടുത്ത ശിക്ഷക്കു കാരണമാവും. 1,00,000 റിയാൽ മുതൽ ഒരു ദശം ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവോ ആയിരിക്കും ഇത്തരത്തിലുള്ള തെറ്റുകൾക്ക് ശിക്ഷ.
കോവിഡ് പ്രതിരോധനടപടികൾ പാലിക്കുന്നതിൽ ആളുകൾ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ് ഒരു പരിധി വരെ രോഗവ്യാപനത്തിന് ഹേതുവായത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധനടപടികൾ പാലിക്കുന്നതിൽ ചിലർ കാണിക്കുന്ന അലസതയാണ് മഹാമാരിയുടെ വ്യാപനത്തിന് വഴിവെക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.രാജ്യത്തെ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം 2020 ഏപ്രിൽ പകുതിയിൽതന്നെ പ്രവചിച്ച എണ്ണമാണെന്ന് ആരോഗ്യമന്ത്രലായ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. മൂന്നു മാസം മുമ്പുള്ളതിനേക്കാൾ ഉയർന്ന സംഖ്യ ഇപ്പോൾ രേഖപ്പെടുത്തുന്നു.
സമൂഹത്തിലെ ചില ആളുകളുടെ ഒത്തുചേരലുകളും ആരോഗ്യ ചട്ട ലംഘനങ്ങളും തുടരുന്നത് വേദനജനകവും നിർഭാഗ്യകരവുമാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവരും തയാറാവേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആഹ്വാനംചെയ്തു. രോഗത്തെ പ്രതിരോധിക്കാനും രോഗികൾക്ക് ആവശ്യമായ മികച്ച പരിചരണം നൽകാനും രാജ്യത്തെ ആരോഗ്യ മന്ത്രാലയം സജ്ജമാണ്. കോവിഡ് പ്രതിസന്ധി ഇനിയും ഏറെ സങ്കീർണതകൾ വരുത്താതിരിക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർബന്ധിതമായ ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനാൽ ത്യാഗസന്നദ്ധതയോടെ രോഗത്തെ പ്രതിരോധിക്കാൻ എല്ലാവരുടെയും കൂട്ടായ സഹകരണം വേണം. തീവ്രപരിചരണ വിഭാഗങ്ങളിലെ ഗുരുതരമായ കേസുകൾ കൈകാര്യംചെയ്യാനുള്ള സംവിധാനങ്ങളും സന്നദ്ധരായ ആരോഗ്യപ്രവർത്തകരും ആരോഗ്യമേഖലയിൽ നിലവിലുണ്ടെന്നും ഏതു ഘട്ടങ്ങളെയും രാജ്യം തരണം ചെയ്യാനുള്ള ശേഷി കൈവരിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

