കോവിഡ്; സൗദിയിൽ ഇന്ന് റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ പുതിയ രോഗികൾ വർധിച്ചു
text_fieldsrepresentative image
ജിദ്ദ: സൗദിയിൽ ഇന്ന് റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ പുതിയ രോഗികൾ വർധിച്ചു. രാജ്യത്താകെ ഇന്ന് 1,244 പുതിയ രോഗികളും 1,523 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 5,02,439 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,83,937 ഉം ആയി. രോഗബാധിതരിൽ ഇന്ന് 16 പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,992 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി. ഇവരിൽ 1,434 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.31 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 344, കിഴക്കൻ പ്രവിശ്യ 254, മക്ക 200, അസീർ 125, മദീന 71, ജീസാൻ 64, നജ്റാൻ 64, അൽ ഖസീം 47, ഹായിൽ 37, അൽബാഹ 12, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 10, അൽ ജൗഫ് 5. ഇതുവരെ രാജ്യത്ത് 1,98,64,795 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

