സന്ദർശന വിസ ഓൺലൈനിൽ പുതുക്കാൻ സൗകര്യം
text_fieldsറിയാദ്: സൗദിയില്‍ സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനില്‍ പുതുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അബ്ഷിര്‍, മുഖീം പോര്‍ട്ടലുകള്‍ വഴി സന്ദര്‍ശക വിസകള്‍ പുതുക്കാമെന്ന് ജവാസാത്ത് അധികൃതര്‍ അറിയിച്ചു.
സൗദിയിലെത്തി 180 ദിവസം പിന്നിട്ടവർക്കും രാജ്യം വിടാതെ വിസ പുതുക്കാവുന്നതാണ്. കോവിഡ്-19 പടരുന്ന പശ്ചാതലത്തില്‍ അന്താരാഷ്ട്ര വിമാന സർവിസുകള്‍ നിർത്തിവെച്ചതോടെ സന്ദർശന വിസ കാലാവധി കഴിഞ്ഞ് നിരവധി പേരാണ് രാജ്യത്ത് കുടുങ്ങിയിരിക്കുന്നത്.
ഇവർക്ക് രാജ്യം വിടാതെ തന്നെ വിസിറ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്ന് അഭ്യന്തര മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിന്‍ സഊദ് അറിയിച്ചിരുന്നു.
സാധാരണയായി സന്ദർശന വിസയിൽ സൗദിയിൽ തങ്ങാവുന്ന പരമാവധി കാലപരിധി 180 ദിവസമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 180 ദിവസം കഴിഞ്ഞവർക്കും അബ്ഷിർ, മുഖീം എന്നീ പോർട്ടലുകൾ വഴി വിസ പുതുക്കാം. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
ഫാമിലി, ബിസിനസ്, ചികിത്സ, തൊഴില്‍, ടൂറിസ്റ്റ് തുടങ്ങി എല്ലാ വിഭാഗങ്ങളില്‍പെട്ട സന്ദര്‍ശന വിസകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നിലവിലെ വിസയുടെ തത്തുല്യമായ കാലത്തേക്ക് തന്നെ കാലാവധി പുതുക്കി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുതൽ, കാലാവധി അവസാനിച്ച് മൂന്ന് ദിവസം വരെ വിസ പുതുക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
