മക്ക ഹറമിൽ പതിവ് പ്രാർഥനകളുമായി റമദാനിലെ 27ാം രാവ്
text_fieldsജിദ്ദ: റമദാനിലെ 27ാം രാവിൽ മക്ക ഹറമിൽ പതിവ് പ്രാർഥനകൾ നടന്നു. കോവിഡിനെ തുടർന്ന് തീർഥാടകരുടെയും സന്ദർകരുടെയും തിരക്കുകളില്ലാതെയാണ് ഇത്തവണ റമദാൻ 27ാം രാവിന് മക്ക ഹറം സാക്ഷിയായത്. റമദാനിൽ, പ്രത്യേകിച്ച് അവസാന പത്തിലെ 27ാം രാവിൽ തീർഥാടകരാലും സന്ദർശകരാലും ഹറമും പരിസരവും നിറഞ്ഞൊഴുകി ജനസാഗരമാകുകയും പ്രാർഥന നിരതമാകുകയും ചെയ്യുന്നത് പതിവായിരുന്നു.
എന്നാൽ കോവിഡിനെ തുടർന്ന് മുൻകരുതലായി ഇരുഹറമുകളിലേക്ക് ആളുകളെത്തുന്നതിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയതിനാൽ ഹറമും പരിസരവും വിജനമായിരുന്നു. ജോലിക്കാരും തൊഴിലാളികളും പങ്കെടുക്കേണ്ടവരുമായ കുറഞ്ഞ പേർ മാത്രമാണ് നമസ്കാരങ്ങളിലും പ്രാർഥനകളിലും പെങ്കടുത്തത്. നമസ്കാരത്തിനിടയിൽ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന് ഇമാം പ്രത്യേകം പ്രാർഥിച്ചു. നമസ്കാര വേളയിൽ സമൂഹ അകലപാലനം ഉൾപ്പടെയുള്ള ആരോഗ്യ മുൻകരുതൽ പൂർണമായും പാലിച്ചിരുന്നു.

ഹറമിലേക്ക് എത്തുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കായി കർശന നടപടികളാണ് ആരോഗ്യ കാര്യാലയവുമായി സഹകരിച്ച് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. പതിവ് ശുചീകരണ, അണുമുക്തമാക്കൽ നടപടികൾക്ക് പുറമെ ഇപ്പോൾ തെർമൽ കാമറകളും സ്വയം അണുമുക്തമാക്കുന്ന കവാടങ്ങളുമടക്കം ആരോഗ്യ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
