സൗദിയിൽ പുതുതായി 36 പേർക്ക് കോവിഡ്: ഐ.സി.യുവിൽ രണ്ടുപേർ; സുഖം പ്രാപിച്ചവർ എട്ട്
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതുതായി 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 274 ആയി. ഇന്ത്യ, മൊറോെക്കാ, സ്പെയിൻ, ഇറാൻ, ബ്രിട്ടൻ, പാകിസ്താൻ, കുവൈത്ത്, ഇറാഖ്, അമേരിക്ക, ഇൗജിപ്ത് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് പുതിയ 36 കേസിൽ 17 പേർ. ബാക്കി ഇവിടെ നേരത്തെയുള്ളവരുമായി സമ്പർക്കം പുലർത്തിയവരാണ്.
റിയാദിൽ 21, ഖത്വീഫിൽ നാല്, മക്കയിൽ മൂന്ന്, ദമ്മാമിൽ മൂന്ന്, ഹുഫൂഫിൽ രണ്ട്, ജിദ്ദ, ദഹ്റാൻ, മഹായിൽ എന്നിവിടങ്ങളിൽ ഒാരോന്ന് വീതം എന്നിങ്ങനെയാണ് പുതുതായി സ്ഥിരീകരിച്ച രോഗികളുടെ കണക്ക്. വ്യാഴാഴ്ച രണ്ടുപേർ കൂടി രോഗമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം എട്ടായി.
ചികിത്സയിലുള്ള 266 പേരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വ്യാഴാഴ്ച റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 14,000 പേരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 9,500 പേരെ 14 ദിവസത്തേക്ക് െഎസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച 274ൽ ഭൂരിപക്ഷം പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഉയർന്ന തോതിൽ വൈറസ് വ്യാപനമുണ്ടായ രാജ്യങ്ങളിൽ നിന്നാണ് ഇവരിൽ അധികവും എത്തിയത്. 54 പേർക്ക് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകർന്നത്.
രോഗബാധിതരിൽ ഭൂരിപക്ഷവും ഉദ്ദേശം 45 വയസിനടുത്ത് പ്രായമുള്ളവരാണ്. ആറ് കുട്ടികളുമുണ്ട്. ഇനി എത്ര പേർക്ക് കൂടി രോഗബാധയുണ്ടാവും എന്ന് ഉറപ്പില്ലെന്നും അധികം വൈകാതെ ഇതിന് നിയന്ത്രണം വരുത്താനാകും എന്നാണ് കരുതുന്നതെന്നും വാർത്താസമ്മേളനത്തിന് ശേഷം 'മീഡിയ വണ്ണി'നും 'ഗൾഫ് മാധ്യമ'ത്തിനും അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിനാൽ വിദേശത്ത് നിന്ന് ഇനി രോഗികളാരും എത്തില്ല എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാലും രാജ്യത്തിനുള്ളിൽ വൈറസിനെതിരെ ശക്തമായ പോരാട്ടം തന്നെ തുടരേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഒരു പഴുതുപോലും ബാക്കിയാകരുത് എന്ന സൂക്ഷ്മതയോടെ വ്യാപാരസ്ഥാപനങ്ങളും പള്ളികളും വരെ അടച്ചിടാൻ നടപടിയെടുത്തത്.
അത്യാവശ്യമില്ലെങ്കിൽ ആരും പുറത്തിറങ്ങരുത്. ജുമുഅ പോലും ഒഴിവാക്കിയത് ഇൗ സൂക്ഷ്മത പാലിക്കാനാണ്. എല്ലാവരും താമസസ്ഥലങ്ങളിൽ തന്നെ കഴിയണമെന്നും അദ്ദേഹം രാജ്യത്തെ പൗരന്മാരോടും വിദേശി സമൂഹത്തോടും ആവശ്യപ്പെട്ടു. നഗരസഭകളും മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് രാജ്യത്തെ മുക്കുമൂലകളിൽ ശുചിത്വം സംബന്ധിച്ച പരിശോധന നടത്തുന്നുണ്ട്.
എല്ലായിടവും വൃത്തിയായി സൂക്ഷിക്കണം. അണുപ്രസരണം ഉണ്ടാകാനുള്ള ഒരു സാഹചര്യവും സൃഷ്ടിക്കരുത്. തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അതത് കമ്പനികൾക്കാണ്. മന്ത്രാലയത്തിെൻറ കാൾ സെൻററിലേക്ക് കോവിഡിനെ കുറിച്ചുള്ള സംശയങ്ങളുന്നയിച്ച് 2,40,000 വിളികൾ വന്നതായും 937 എന്ന നമ്പറിലേക്കാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ ജീവനക്കാർക്ക് 14 ദിവസത്തെ മെഡിക്കൽ ലീവിന് വേണ്ടി അപേക്ഷിക്കാൻ മന്ത്രാലയം വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനെ കുറിച്ചും വക്താവ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
