റാപ്പിഡ് ടെസ്റ്റ്: സർക്കാരിെൻറ നിബന്ധന മറികടക്കാമെന്നല്ലാതെ പ്രയോജനമില്ലെന്ന് അനുഭവസ്ഥർ
text_fieldsറിയാദ്: റാപ്പിഡ് ടെസ്റ്റ് കൊണ്ട് കേരള സർക്കാരിെൻറ നിർദ്ദിഷ്ട നിബന്ധനയെ മറികടക്കാമെന്നല്ലാതെ പ്രയോജനമില്ലെന്ന് ടെസ്റ്റ് റിസൾട്ടിെൻറ കൃത്യതയില്ലായ്മ അനുഭവിച്ചറിഞ്ഞവർ. ചാർട്ടർ വിമാനങ്ങളിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ കൈയ്യിൽ കരുതണമെന്ന സംസ്ഥാന സർക്കാർ നിബന്ധന നടപ്പാക്കുന്നത് ഇൗ മാസം 25ലേക്ക് നീട്ടിവെച്ചെങ്കിലും അതുകഴിഞ്ഞാൽ ടെസ്റ്റ് നിർബന്ധമാവുമല്ലോ എന്ന ആശങ്കയിലാണ് പ്രവാസലോകം.
വലിയ പണചെലവ് വരുന്ന പി.സി.ആർ ടെസ്റ്റ് പ്രവാസികളിൽ വലിയ ഭാരം അടിച്ചേൽപിക്കും എന്ന ആക്ഷേപം നേരിട്ടപ്പോഴാണ് കേരള സർക്കാർ ട്രൂനാറ്റ് കിറ്റ് ഉപയോഗിച്ചുള്ള ദ്രുത പരിശോധന മാർഗം നിർദേശിച്ചത്. അതോടെ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഒ ൗദ്യോഗിക അനുമതി നേടി ഇൗ ടെസ്റ്റ് നടത്തൽ പ്രായോഗികമാകുമോ എന്ന പ്രശ്നം ഉദിച്ചു. ഇന്ത്യൻ മിഷൻ വഴി അനുമതി നേടാനുള്ള ശ്രമം നടക്കുന്നതായാണ് വിവരവും. കോവിഡ് പോസിറ്റീവായ ആളുകൾ അതല്ലാത്ത ആളുകളോടൊപ്പം ഇടകലർന്ന് ഒരേ വിമാനത്തിൽ യാത്ര നടത്താതിരിക്കാനുള്ള കരുതലാണ് പുതിയ നിബന്ധനയുടെ ഉദ്ദേശ്യലക്ഷ്യമെന്നാണ് സർക്കാർ ഭാഷ്യം.
അതിന് പക്ഷേ റാപ്പിഡ് ടെസ്റ്റ് ഗുണകരമല്ല എന്നാണ് അനുഭവസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും വിധത്തിൽ ഒരു നെഗറ്റീവ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാൽ സർക്കാരിെൻറയും കേരളത്തിെൻറയും ആശങ്ക മാറുമോ എന്നാണ് റാപ്പിഡ് ടെസ്റ്റിെൻറ കൃത്യതയില്ലായ്മയെ കുറിച്ച് ബോധ്യം വന്നിട്ടുള്ളവർ ഉയർത്തുന്ന ചോദ്യം. കോവിഡ് രോഗികൾ മറ്റുള്ളവരോടൊപ്പം ഇടകലർന്ന് ചെന്നിറങ്ങി കേരളത്തെ അപകടപ്പെടുത്താതിരിക്കാനുള്ള കരുതലാണ് തീരുമാനത്തിന് പിന്നിലെങ്കിൽ അതിനൊട്ടും അനുയോജ്യമല്ല നിർദ്ദിഷ്ട ദ്രുത പരിശോധന സംവിധാനമെന്ന് ഇൗ രംഗത്തെ വിദഗ്ധരടക്കമുള്ളവർ അഭിപ്രായപ്പെടുന്നു.
സൗദി അറേബ്യയിൽ നിലവിൽ റാപ്പിഡ് കിറ്റുകൾ ലഭ്യമാണ്. ഇതുപയോഗിച്ച് ചില സ്ഥാപനങ്ങളെങ്കിലും ടെസ്റ്റുകൾ നടത്തികൊടുക്കുന്നുണ്ട് എന്നാണറിയുന്നതും. അതിന് ഒ ൗദ്യോഗികാനുമതിയുണ്ടോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. അത്തരത്തിൽ ടെസ്റ്റ് നടത്തി റിസൾട്ടിെൻറ കൃത്യതയില്ലായ്മ ബോധ്യപ്പെട്ടവർ നിരവധിയുണ്ട്. ഒരു കമ്പനിയിലെ 100 തൊഴിലാളികളിൽ റാപ്പിഡ് ടെസ്റ്റ് നടത്തി. 60 പേർക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. അവരെ ജോലിയിൽ നിന്ന് തിരികെ വിളിച്ചു ക്വാറൻറീനിലേക്ക് അയച്ചു. എന്നാൽ കമ്പനി മാനേജ്മെൻറിന് ഇൗ ടെസ്റ്റിൽ സംശയം തോന്നിയതിനാൽ ഉടൻ 60 പേരെയും പി.സി.ആർ ടെസ്റ്റിന് വിധേയരാക്കി.
18 പേർക്ക് മാത്രമാണ് പോസിറ്റീവ് -റിസൾട്ടുണ്ടായത്. അതായത് റാപ്പിഡ് ടെസ്റ്റിെൻറ കൃത്യത വളരെ കുറവാണെന്നാണ് ഇൗ അനുഭവത്തിലൂടെ ബോധ്യപ്പെടുന്നത്. സർക്കാർ പറഞ്ഞതല്ലേ എന്ന ധൈര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തി ‘കോവിഡില്ലാ രേഖ’ നേടുന്നവർക്ക് അതുണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ടെസ്റ്റ് നടത്തുന്നവർക്ക് പോലും കൃത്യമായ ഉത്തരമില്ല എന്നതാണ് രസകരമായ വസ്തുത. കൃത്യമായ ഫലം അറിയണമെങ്കിൽ പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് റാപ്പിഡ് ടെസ്റ്റ് റിസൾട്ടിൽ തന്നെ മുന്നറിയിപ്പായി എഴുതിവെക്കുന്നുണ്ട്. നെഗറ്റീവുകാരനെ പോസിറ്റീവാക്കുകയും പോസിറ്റീവിനെ നെഗറ്റീവാക്കുകയും ചെയ്യുന്നത്ര കൃത്യതയില്ലായ്മ ടെസ്റ്റിനുണ്ടത്രെ.
അപ്പോൾ ഫലമെന്താണ്, നെഗറ്റീവായ ആളുടെ യാത്രമുടങ്ങും, പോസിറ്റീവുകാരൻ ഇൗസിയായി യാത്ര ചെയ്യും. ഇൗ കൃത്യതയില്ലായ്മയുടെ പരീക്ഷണത്തിൽ കുടുക്കി പ്രവാസിയുടെ ജീവിതത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കുകയാണ് സർക്കാർ തീരുമാനമെന്നാണ് ശക്തമാകുന്ന ആക്ഷേപം. അതല്ലാതെ റാപ്പിഡ് ടെസ്റ്റുകൊണ്ട് സർക്കാർ ഉദ്ദേശിച്ച ഫലം കിട്ടുമോ എന്ന വലിയ ചോദ്യം ബാക്കി നിൽക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
