പെരിയയിലെ കോടതിവിധി സി.പി.എമ്മിനുള്ള താക്കീത് -മലപ്പുറം ഒ.ഐ.സി.സി
text_fieldsറിയാദ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ സി.ബി.ഐ കോടതിവിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുള്ള താക്കീതാണെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി.
ഗൂഢാലോചന നടത്തി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അറുകൊല രാഷ്ട്രീയമാണ് സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളത്. സി.ബി.ഐ അന്വേഷണം ഒഴിവാക്കുന്നതിന് സുപ്രീംകോടതി വരെ പോയി കേസ് നടത്താൻ സംസ്ഥാനത്തിന്റെ ഖജനാവിൽനിന്ന് 88 ലക്ഷത്തോളം രൂപയാണ് ഈ സർക്കാർ ചെലവഴിച്ചത്.
പാർട്ടി ഗുണ്ടകളെ സംരക്ഷിക്കാൻ പൊതുഖജനാവിലെ പണം ചെലവഴിക്കാൻ പിണറായി നേതൃത്വം കൊടുക്കുന്ന സർക്കാറിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന വിധി പാർട്ടി തലത്തിൽ നടന്ന ഗൂഢാലോചനയുടെ തെളിവാണ്.
കോടതിവിധിയിൽ പരിപൂർണ തൃപ്തിയില്ല. പാർട്ടി നിയമപോരാട്ടം തുടരുന്ന മുറക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
