അബ്ദുൽ ഫതാഹ് കൊലക്കേസ്: കുടുംബം മാപ്പ് നൽകി; വധശിക്ഷ കാത്ത് കഴിഞ്ഞ വള്ളിക്കുന്ന് സ്വദേശി മോചിതനായി നാടണഞ്ഞു
text_fieldsജിദ്ദ: കൊലക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി യുവാവ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ ദയാവായ്പിൽ മോചിതനായി നാടണഞ്ഞു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ഫതാഹ് വധിക്കപ്പെട്ട കേസിൽ ആറര വർഷമായി ജിദ്ദയിലെ ജയിലിലായിരുന്ന വള്ളിക്കുന്ന് പെരുവള്ളൂർ കൂമണ്ണ സ്വദേശി അബ്ദുൽ വഹാബ് കാട്ടീരിയാണ് (27) കഴിഞ്ഞ ദിവസം മോചിതനായി നാട്ടിലേക്ക് തിരിച്ചത്. 2010 ^ൽ ജിദ്ദ ഷറഫിയയിലെ താമസമുറിയിൽ അതിഥിയായെത്തിയ അബ്ദുൽ ഫതാഹിനെ മദ്യക്കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
മദ്യലഹരിയിലായിരുന്നു ആക്രമണം. തലക്ക് ഗുരുതരമായി മുറിവേറ്റ് നാല് ദിവസം കഴിഞ്ഞാണ് അബ്ദുൽ ഫതാഹ് ചികിൽസയിലിരിക്കെ മരിച്ചത്. ഭാര്യയും മൂന്ന് മക്കളുമുള്ള ഫതാഹ് ജിദ്ദയിൽ സെയിൽസ്മാൻ ആയിരുന്നു. സംഭവത്തിൽ അറസ്റ്റിലായ അബ്ദുൽ വഹാബിന് ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒടുവിൽ അബ്ദുൽ ഫതാഹിെൻറ കുടുംബം മാപ്പ് നൽകാൻ സന്നദ്ധമായതോടെയാണ് അബ്ദുൽ വഹാബിന് വധശിക്ഷയിൽ നിന്ന് മോചനം സാധ്യമായത്. കുടുംബം മാപ്പ് നൽകിയതിനാൽ വധശിക്ഷ അഞ്ച് വർഷത്തെ ജയിൽവാസമാക്കി ശരീഅത്ത് കോടതി ചുരുക്കി. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച നിയമ നടപടികൾ പൂർത്തിയായത്. ഇതിനകം ആറര വർഷം ജയിലിലായതിനാൽ മോചനത്തിന് വേഗം നടപടിയായി. മകൻ ജയിലിൽ നിന്നിറങ്ങിയ ദിവസം ഉമ്മ റഹ്മത്ത് ഉംറ നിർവഹിക്കാൻ മക്കയിലെത്തിയിരുന്നു. സങ്കീർണമായിരുന്നു ഇൗ കേസെന്ന് മാപ്പ് ലഭ്യമാക്കാൻ ഇടപെട്ട അൽഫദ്ൽ കമ്പനി ഉടമ അബ്ദുറഹ്മാൻ അബ്ദുല്ല യൂസുഫ് പറഞ്ഞു.
അഞ്ചു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വഹാബിന് മോചനം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഹസൻ കുട്ടി- അയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അബ്ദുൽ ഫതാഹ്. ഹസീനയാണ് ഭാര്യ. ഫെമിന, ഫസ്ന വഫ, മുഹമ്മദ് ഇർഫാൻ എന്നിവർ മക്കളാണ്. കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രവർത്തകരായ ശരീഫ് സൂപ്പർ ബസാർ, നസീം കാടപ്പടി, ചെമ്പൻ അബ്ദു, പി.സി കരീം, മജീദ് കള്ളിയൻ എന്നിവരാണ് കേസിൽ സഹായം ലഭ്യമാക്കാൻ സജീവമായി പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
