Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി ഭീഷണിക്കെതിരെ ‘മക്ക കരാർ’ പ്രായോഗിക ഘട്ടത്തിലേക്ക്: സൗദി, പാകിസ്താൻ, തുർക്കിയ സൈനിക മേധാവികളുടെ യോഗം റിയാദിൽ ചേർന്നു

text_fields
bookmark_border
ഹൂതി ഭീഷണിക്കെതിരെ ‘മക്ക കരാർ’ പ്രായോഗിക ഘട്ടത്തിലേക്ക്: സൗദി, പാകിസ്താൻ, തുർക്കിയ സൈനിക മേധാവികളുടെ യോഗം റിയാദിൽ ചേർന്നു
cancel

റിയാദ്: സൗദി അറേബ്യക്കെതിരെ യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, ആഗസ്​റ്റ്​ ഏഴിന് ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’ലെ വ്യവസ്ഥകൾ അടിയന്തരമായി നടപ്പാക്കാൻ സൗദി അറേബ്യ, പാകിസ്താൻ, തുർക്കിയ എന്നീ രാജ്യങ്ങൾ തീരുമാനിച്ചു.

വെള്ളിയാഴ്ച റിയാദിൽ ചേർന്ന മൂന്ന് രാജ്യങ്ങളുടെയും സൈനിക മേധാവികളുടെയും മറ്റ്​ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിലാണ് ഈ നിർണായക തീരുമാനം. പങ്കാളിത്ത രാജ്യങ്ങളിലൊന്നിന് നേരെ ഉണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയാണെന്ന കരാർ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ, കൂട്ടായ പ്രതിരോധ നടപടികൾക്കും പ്രായോഗിക സൈനിക സഹകരണത്തിനും ഉടൻ തുടക്കമാകും.

ജനവാസ മേഖലകൾക്കും സാമ്പത്തിക-സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും വിശുദ്ധ നഗരമായ മക്കക്കും നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ യോഗം രൂക്ഷമായ ഭാഷയിൽ അപലപിച്ചു. സൗദിയുടെ സുരക്ഷയും പരമാധികാരവും ഭൗമിക അഖണ്ഡതയും സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കുമെന്ന പ്രതിജ്ഞാബദ്ധത യോഗം ആവർത്തിച്ചു.

ഭീഷണികൾ നേരിടുന്നതിൽ സൗദി സായുധ സേന പുലർത്തുന്ന ഉയർന്ന ജാഗ്രതയെയും പ്രഫഷനലിസത്തെയും സൈനിക മേധാവികൾ പ്രശംസിച്ചു. സംയുക്ത പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, സൈനിക ഏകോപനം, സാങ്കേതിക-സൈനിക ശേഷികളുടെ സംയോജനം എന്നിവ വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്.

സൈനിക മേധാവികളുടെ യോഗത്തിന് പിന്നാലെ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ പാകിസ്​താൻ സൈനിക മേധാവി ജനറൽ ആസിം മുനീറുമായി പ്രത്യേക ചർച്ച നടത്തുകയും മക്ക കരാർ പ്രകാരം ഭീഷണികളെ ഒന്നിച്ചു നേരിടാനുള്ള തീരുമാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഈ ഉച്ചകോടിക്ക് മുന്നോടിയായി വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്​ട്രസഭാ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായും തുർക്കിയ വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാനുമായും അടിയന്തര പിന്തുണയും യോഗ തയ്യാറെടുപ്പുകളും ചർച്ച ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ മുതൽ സൗദിക്കെതിരെ ഹൂതി ആക്രമണങ്ങൾ വർധിച്ചതും, ചെങ്കടലിലും ഏദൻ ഉൾക്കടലിലും സമുദ്ര ഉപരോധം പ്രഖ്യാപിച്ച് ചരക്കു കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നതും മേഖലയിൽ വലിയ ആശങ്ക സൃഷ്​ടിച്ചിട്ടുണ്ട്. ഇത് 2022 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ ധാരണയെപ്പോലും തകർത്തു.

ഈ പശ്ചാത്തലത്തിലാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡൻറ്​ റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്​താൻ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് രൂപവത്​കരിച്ച മക്ക പ്രതിരോധ സഖ്യം റിയാദിലെ യോഗത്തിലൂടെ അടിയന്തര പ്രതിരോധ നീക്കങ്ങളിലേക്ക് കടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Against Houthi threat, the 'Makkah Agreement' moves to the practical stage: Saudi, Pakistan, and Turkish military chiefs meet in Riyadh
Next Story