പിണറായി വിജയന്റെ ദുർഭരണത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങി -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം ഒ.ഐ.സി.സി വിജയാഹ്ലാദത്തിൽനിന്ന്
ദമ്മാം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ വിജയത്തിൽ ഒ.ഐ.സി.സി സൗദി കിഴക്കൻ പ്രവിശ്യ പായസവും മധുരവും വിതരണം ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു.
പിണറായി വിജയന്റെ ദുർഭരണത്തിന്റെ കൗണ്ട് ഡൗൺ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ തുടങ്ങിയതായി ദമ്മാം ഒ.ഐ.സി.സി വിലയിരുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളത്തിന്റെ പരിഛേദമായി നിലമ്പൂർ ജനത യു.ഡി.എഫിനൊപ്പം നിന്നു. പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും രോഷമാണ് നിലമ്പൂർ ജനത ഏറ്റെടുത്തത്.
ഏറ്റവും മികച്ചതെന്ന് വിളംബരം നടത്തി പിണറായിസത്തോട് ചേർന്ന് നിൽക്കുന്ന ചാനലുകളും സെലക്റ്റീവായി മാത്രം വായ തുറക്കുന്ന സാംസ്കാരിക നായകരും വാഴ്ത്തിപ്പാടിയ ഇടത് സ്ഥാനാർഥി, സ്വന്തം ബൂത്തിൽ പോലും പിറകിലായി. പിണറായി വിജയൻ എല്ലാ പഞ്ചായത്തിലും പോയി കവല പ്രസംഗങ്ങൾ നടത്തിയും ഭരണതലസ്ഥാനം നിലമ്പൂരിലേക്ക് മാറ്റി എല്ലാ മന്ത്രിമാരും രാപകൽ ഓടിനടന്നു വോട്ട് ചോദിച്ചു നടത്തിയ പണമൊഴുക്കിയ പ്രവർത്തനങ്ങൾ മൂല്യബോധമുള്ള ജനത പുഛിച്ചു തള്ളി. ഇടത് മുന്നണി കാടിളക്കി നടത്തിയ വർഗീയ പ്രചാരണങ്ങൾ മതേതര കേളത്തിന് വേദന ഉളവാക്കുന്നതായിരുന്നു.
കഴിഞ്ഞ ഒമ്പതു വർഷകാലം പിണറായി സർക്കാർ നടത്തിയ ജനദ്രോഹ ഭരണത്തിന് എതിരെ നിലമ്പൂർ ജനത രേഖപ്പെടുത്തിയ അവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇത് അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി ദുർഭരണത്തെ കേരള ജനത വലിച്ചു താഴെ ഇടും എന്ന വ്യക്തമായ സൂചികയാണ്. ജനാധിപത്യം കൃത്യമായി വിനിയോഗിച്ച നിലമ്പൂർ ജനതയെ ദമ്മാം ഒ.ഐ.സി.സി അഭിനന്ദിച്ചു.
വിജയാഘോഷത്തിൽ പ്രസിഡന്റ് ഇ.കെ. സലിമിന്റെയും നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെയും നേതൃത്വത്തിൽ റഫീഖ് കൂട്ടിലങ്ങാടി, പ്രമോദ് പൂപ്പാല, ഷംസ് കൊല്ലം, പി.കെ. അബ്ദുൽ കരിം, നൗഷാദ് തഴവ, നിഷാദ് കുഞ്ചു, ഗഫൂർ വണ്ടൂർ, ഹമീദ് മരക്കാശ്ശേരി, ഷാഹിദ് കൊടിയങ്ങൽ, ജലീൽ പള്ളാതുരുത്തി, അഷ്റഫ് കൊണ്ടോട്ടി, മുഹമ്മദ് ഈസ, ബിൻസ് മാത്യൂസ് ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

