അഴിമതി: 76 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ 76 ഗവൺമെൻറ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമീഷൻ അഥവാ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 76 പേരെ കമീഷൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വദേശികളും വിദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജരേഖ ചമക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവന നിർമാണം, വിദ്യാഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പിടിയിലായത്.
നസഹ നടത്തിയ 3321ഓളം പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. പുറമെ വിദേശികളും സ്വദേശികളുമായ 195 പേരെ അന്വേഷണ വിധേയമാക്കുകയും ചെയ്തു. ഇതിനിടെ അഴിമതിവിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവത്കരണം നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

