ഗാർഹിക തൊഴിലാളികളുടെ ‘ഹുറൂബ്’ പദവി ശരിയാക്കൽ; സമയപരിധി അവസാനിക്കാൻ മൂന്നുമാസം കൂടി
text_fieldsറിയാദ്: സൗദിയിൽ ഹുറൂബ് (തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ) കേസിൽ ഉൾപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി. കഴിഞ്ഞ മെയ് 11 ആണ് മാനവ വിഭവശേഷി മന്ത്രാലയം ഹുറൂബ് ആയ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ പദവി ശരിയാക്കാൻ 2025 നവംബർ 11 വരെ അവസരം നൽകിയത്.സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പദവി ശരിയാക്കാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ‘മുസാനിദ്’ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച് നടപടിക്രമങ്ങൾ സ്വയമേവ പൂർത്തിയാക്കുന്നതിലൂടെ പുതിയ തൊഴിലുടമകൾക്ക് ഹുറൂബ് ആയ തൊഴിലാളികളുടെ പദവി ശരിയാക്കാൻ കഴിയും.
അതുവഴി തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും സഹായിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. ഈ സംരംഭത്തിലൂടെ മുമ്പ് ജോലിക്ക് ഹാജരാകാത്തവരായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ഇപ്പോഴും രാജ്യത്തിനുള്ളിൽ നിയമവിരുദ്ധമായി താമസിക്കുന്നതുമായ ഗാർഹിക തൊഴിലാളികളെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവരുടെ സേവനങ്ങൾ മറ്റു തൊഴിലുടമകൾക്ക് കൈമാറുന്നതിലൂടെ തൊഴിൽ വിപണിയെ വ്യവസ്ഥാപിതമാക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം ശ്രമിക്കുന്നത്.നിയമലംഘനങ്ങൾ ഒഴിവാക്കുക, ജോലിക്ക് ഹാജരാകാത്ത ഗാർഹിക തൊഴിലാളികളുടെ നിയമപരമായ അവസ്ഥ ശരിയാക്കുക, അവകാശങ്ങൾ സംരക്ഷിക്കുക, കരാർ ബന്ധങ്ങൾ വ്യവസ്ഥാപിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

