തണുപ്പും രുചിയും സംഗീതവും ദഹ്റാനിൽ വസന്തമൊരുക്കി ‘ജുതൂർ മാർക്കറ്റ്’
text_fieldsദമ്മാം ദഹ്റാനിലെ ‘ജുതൂർ കമ്യൂണിറ്റി മാർക്കറ്റിന്റെ’ കാഴ്ചകൾ
ദമ്മാം: തണുത്ത കാറ്റിന്റെ കുളിർമ, പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന സംഗീതം, ആവി പറക്കുന്ന ചായയും രുചിയേറിയ പലഹാരങ്ങളും... ദഹ്റാനിലെ അമീർ സഉൗദ് ബിൻ നായിഫ് പാർക്കിലെ സായാഹ്നങ്ങൾ ഇപ്പോൾ ആഘോഷ ലഹരിയിലാണ്. തദ്ദേശീയമായ ഉൽപന്നങ്ങളും കൗതുക വസ്തുക്കളുമായി സന്ദർശകരെ കാത്തിരിക്കുന്ന ‘ജുതൂർ കമ്യൂണിറ്റി മാർക്കറ്റ്’ പതിവുപോലെ ഈ വർഷവും ആയിരങ്ങളെയാണ് ആകർഷിക്കുന്നത്. ജനുവരി 18 വരെ നീണ്ടുനിൽക്കുന്ന ഈ വിപണി, പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
സൗഹൃദത്തിൽ വിരിഞ്ഞ ആശയം
ഉറ്റ സുഹൃത്തുക്കളായ മൂന്ന് വനിതകളുടെ ഒത്തുചേരലിൽ നിന്നാണ് ജുതൂർ എന്ന ആശയത്തിന്റെ ജനനം. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ‘കമ്യൂണിറ്റി സ്ട്രീറ്റ്’ മാതൃകകൾ സൗദിയിലും അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഗുസൂൺ അൽ ബെലുഷി, നൂറ അൽ ദുലൈജൻ, റീം അൽ സുഖൈർ എന്നിവർ കൈകോർത്തപ്പോൾ അത് പുതിയൊരു സംസ്കാരത്തിന് തുടക്കമായി. തദ്ദേശീയരായ കരകൗശല വിദഗ്ധരെയും കർഷകരെയും ഭക്ഷ്യ സംരംഭകരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
അളവിലല്ല, ഗുണനിലവാരത്തിൽ
ജുതൂർ ആരംഭിച്ച 2019 മുതൽ, സൗദിയിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നവരോ കൃഷി ചെയ്യുന്നവരോ ആയ വിൽപനക്കാരെ കണ്ടെത്താനാണ് ഞങ്ങൾ മുൻഗണന നൽകുന്നത് -സഹസ്ഥാപകയായ അൽ ബെലൂഷി പറയുന്നു. ഇറക്കുമതി ചെയ്ത് വിൽക്കുന്നവരെ ഇവിടെ പ്രോത്സാഹിപ്പിക്കാറില്ല. അളവിനേക്കാൾ ഗുണനിലവാരത്തിനാണ് പ്രാധാന്യം. അതുകൊണ്ട് തന്നെ തിരഞ്ഞെടുത്ത സ്റ്റാളുകൾ മാത്രമേ ഇവിടെയുള്ളൂ. ഈ വർഷം 10 കർഷക വിപണികൾ, 25 പ്രാദേശിക വിപണികൾ, എട്ട് അബായ സ്റ്റാളുകൾ, 10 ഭക്ഷ്യ സ്റ്റാളുകൾ എന്നിവക്കൊപ്പം തത്സമയ പാചക ക്ലാസുകളും മാർക്കറ്റിന്റെ ഭാഗമാണ്.
സംരംഭകർക്ക് കൈത്താങ്ങ്
വലിയ മൂലധനമില്ലാതെ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു വേദിയാണ് ജുതൂർ. ദമ്മാമിൽനിന്നുള്ള ‘അന്ന സ്റ്റാർട്ടർ സോർഡോ ഫാക്ടറി’യുടെ സ്ഥാപക ഐഷ അലോമൈർ തന്റെ അനുഭവം പങ്കുവെക്കുന്നു: ‘തുടക്കക്കാർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇതിലും മികച്ചൊരിടമില്ല. മൂന്നാം വർഷമാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. തണുപ്പത്ത് ഞങ്ങളുടെ സൂപ്പിനും ചോക്ലറ്റ് സോർഡോക്കും വലിയ ആവശ്യക്കാരാണുള്ളത്.’
വീട്ടിലെ അടുക്കളയിൽനിന്ന് തുടങ്ങിയ പല സംരംഭങ്ങളും ജുതൂറിലൂടെ വളർന്നു. പ്രാദേശിക ഈത്തപ്പഴം കൊണ്ട് നിർമിച്ച ‘ഹവാവ്ഷി ലോഫ്’ എന്ന വിഭവം ഇതിനൊരു ഉദാഹരണമാണ്.
കർഷകരും കരകൗശല വിദഗ്ധരും
സൗദി കിഴക്കൻ പ്രവിശ്യയിലെ അയൽപ്രദേശങ്ങളിൽനിന്നുള്ള കർഷകരും ഉൽപന്നങ്ങളുമായി എത്തിയിട്ടുണ്ട്. ജുബൈലിൽ നിന്ന് വെള്ളരിയും പുതിനയുമായി എത്തിയ ഇമാദ് അലി അൽഷവാഫ് ഇത് രണ്ടാം തവണയാണ് മേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച പ്രതികരണമാണ് വീണ്ടും എത്താൻ പ്രേരണയായതെന്ന് അവർ പറയുന്നു. ഓൺലൈൻ വ്യാപാരത്തിൽനിന്ന് നേരിട്ടുള്ള വിപണിയിലേക്ക് ഇറങ്ങാൻ ജുതൂർ സഹായിച്ചെന്ന് ‘ക്രാഫ്റ്റിങ്, ഗിഫ്റ്റ്സ് ആൻഡ് അദർ സ്റ്റോറീസി’ലെ ശൈഖ അൽബുഐനൈൻ പറഞ്ഞു. കൈകൊണ്ട് തുന്നിയ ഐപാഡ് ബാഗുകളും ടോയ്ലറ്ററി ബാഗുകളുമാണ് ഇവരുടെ ഹൈലൈറ്റ്.
ഇനി റിയാദിലേക്ക്
ദഹ്റാനിലെ വിജയത്തിന് ശേഷം ജുതൂർ രാജ്യ തലസ്ഥാനമായ റിയാദിലേക്കും ചുവടുവെക്കുകയാണ്. ഇതിനായി സഹസ്ഥാപകയായ അൽ സുഖൈർ റിയാദിലേക്ക് താമസം മാറിക്കഴിഞ്ഞു. റമദാന് മുന്നോടിയായി ഫെബ്രുവരി അഞ്ച് മുതൽ 14 വരെ റിയാദിലെ കൾച്ചറൽ ഹൗസിൽ ജുതൂർ സംഘടിപ്പിക്കും.
സന്ദർശകർ അറിയാൻ
സ്ഥലം: അമീർ സഉൗദ് ബിൻ നായിഫ് പാർക്ക്, ദഹ്റാൻ
അവസാന തീയതി: ജനുവരി 18 വരെ
സന്ദർശന സമയം: രാത്രി 11 മണി വരെ.
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക്: 30 റിയാൽ.
കുട്ടികൾക്ക് (ഏഴ്-13 വയസ്സ്): 20 റിയാൽ.
ആറ് വയസ്സിന് താഴെയുള്ളവർക്ക്: പ്രവേശനം സൗജന്യം.
ടിക്കറ്റുകൾ: ഓൺലൈനായോ കൗണ്ടറിൽ നിന്നോ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

