ഉപഭോക്തൃ വിശ്വാസ സർവേ: സൗദി ആഗോളതലത്തിൽ രണ്ടാമത്
text_fieldsയാംബു: ഇൻറർനാഷനൽ ഇൻസിറ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) നടത്തിയ ഉപഭോക്തൃ വിശ്വാസ സർവേയിൽ സൗദി ആഗോള തലത്തിൽ രണ്ടാം സ്ഥാനം നേടിയതായി റിപ്പോർട്ട്. ആഗോള തലത്തിലുള്ള 23 വിപണി രാജ്യങ്ങളുടെ നിലവിലുള്ള സ്ഥിതിയും ഭാവിയിൽ ലക്ഷ്യം വെക്കുന്ന പദ്ധതികളും അടിസ്ഥാനപ്പെടുത്തി 2021 മാർച്ചിലെ സൂചികയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് സൗദിയുടെ മികവ് വ്യക്തമാക്കുന്നത്. ഉപഭോക്തൃ ആത്മവിശ്വാസ സൂചികയിൽ മാസങ്ങളായി ഒന്നാം സ്ഥാനത്ത് ചൈനയാണ്.
തൊട്ടു പിന്നിൽ 61.4 പോയൻറ് നേടിയാണ് സൗദിയുടെ രണ്ടാം സ്ഥാനം. ആഗോള ശരാശരിയായ 45.7 പോയൻറിനേക്കാൾ 15.7 പോയൻറ് കൂടുതലാണ് സൗദിയുടെ സ്ഥാനം. ലോകത്തെ പ്രധാന വിപണികളായ സ്വീഡൻ, ഇന്ത്യ, ആസ്ട്രേലിയ, അമേരിക്ക, ജർമനി, ബ്രിട്ടൻ, കാനഡ, ബെൽജിയം, ഫ്രാൻസ് എന്നിവ സൗദിക്ക് പിറകിലാണെന്നത് വിജയത്തിെൻറ തിളക്കം കൂട്ടുന്നു.
പ്രാദേശിക സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാനങ്ങൾ, രാജ്യത്തെ നിക്ഷേപ സാധ്യതയും അവസ്ഥയും, ഉപഭോക്താക്കളുടെ വ്യക്തിഗത സാമ്പത്തിക ശേഷി, പൊതു തൊഴിൽ രംഗത്തെ സുരക്ഷ എന്നീ നാല് അടിസ്ഥാന ഘടകങ്ങളാണ് സർവേയിൽ പരിഗണിച്ചത്. ഐ.എം.ഡി വേൾഡ് കോംപിറ്റിവ്നെസ് സെൻറർ രാജ്യങ്ങളുടെ മത്സരശേഷിയുടെ റാങ്കിങ് വിലയിരുത്താൻ എല്ലാവർഷവും ഉപഭോക്തൃ വിശ്വാസ സർവേ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
സൗദിയുടെ സമ്പദ് വ്യവസ്ഥയുടെ മഹത്വം, ഉപഭോക്താവിെൻറ ഉയർന്ന ആത്മവിശ്വാസം, നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം, നിക്ഷേപ സാധ്യതകൾ, നിക്ഷേപകെൻറ ലക്ഷ്യബോധം എന്നിവ സൂചിക ഫലത്തിലെ സൗദിയുടെ മികവിന് വഴിവെച്ചതായി പ്രാദേശിക പത്രങ്ങൾ വിലയിരുത്തി. കഴിഞ്ഞ വർഷത്തെ ഐ.എം.ഡി ഗ്ലോബൽ കോംപറ്റിറ്റീവ്നെസ് ഇയർബുക്ക് റിപ്പോർട്ടിൽ സൗദിയുടെ ഉപഭോക്തൃ വില സൂചിക 38 പോയൻറായിരുന്നു. ഇതിൽനിന്ന് രാജ്യം കുതിച്ചു കയറി 61.4 പോയേൻറാടെ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

